‘നിപ്പ വവ്വാൽ’ എത്രത്തോളം ഭീകരനാണ്?; ‘ചൈനീസ് വിദ്യാർഥി’യുടെ കണ്ടെത്തലുകൾ

ശ്രീഹരി രാമൻ

തിരുവനന്തപുരം ∙ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയിലെ കിണറ്റില്‍നിന്നു വവ്വാലുകളെ പിടിക്കാന്‍ അധികൃതരെ സഹായിച്ചത് ഒരു ‘ചൈനീസ് വിദ്യാര്‍ഥി’. പഠനം മാത്രമേ ചൈനയിലുള്ളൂ, കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയാണു കക്ഷി. ചൈനീസ് അക്കാദമി ഓഫ് സയന്‍സില്‍ വവ്വാലുകളെക്കുറിച്ചു ഗവേഷണം നടത്തുന്ന ശ്രീഹരിയാണ് (30) പേരാമ്പ്രയിലെ കിണറ്റിലെ വവ്വാലുകളെ വലയിലാക്കി അധികൃതര്‍ക്കു കൈമാറിയത്. വവ്വാലുകളെക്കുറിച്ചുള്ള അര്‍ധസത്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ശ്രീഹരിക്ക് ഒന്നേ പറയാനുള്ളൂ - ‘വവ്വാലുകള്‍ ഭൂമിക്ക് ആവശ്യമാണ്. അവയെ കൊന്നൊടുക്കരുത്.’

പേരാമ്പ്രയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കുകയും പ്രദേശത്തെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തുകയും ചെയ്തതോടെ ഇവയെ ആരു പിടിക്കും എന്ന ചോദ്യമുയര്‍ന്നു. വനംവകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയും ഡോ. പി.എസ്.ഈസയുമാണു ശ്രീഹരിയുടെ പേര് നിര്‍ദേശിച്ചത്. കാലാവസ്ഥാ വ്യതിയാനം കേരളത്തിലെ കാടുകളിലെ വവ്വാലുകളിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചു ഗവേഷണം നടത്തുകയാണു ശ്രീഹരി. വനത്തിലേക്കു പോകാനുള്ള തയാറെടുപ്പിനിടെയാണു ഫോണ്‍ വന്നത്.

കിണറ്റില്‍ വലവിരിച്ചശേഷം ശബ്ദം ഉണ്ടാക്കിയാണു വവ്വാലിനെ മുകളിലേക്ക് വരുത്തി പിടികൂടിയത്. വനത്തില്‍ ശ്രീഹരി ഉപയോഗിക്കുന്ന പ്രത്യേക കെണിയാണ് ഉപയോഗിച്ചത്. ഡോക്ടര്‍മാര്‍ വവ്വാലിന്റെ രക്തവും ഉമിനീരും സാമ്പിളായി എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. പരിശോധനാഫലം ലഭിച്ചാലേ വവ്വാലുകളാണോ രോഗത്തിനു കാരണമെന്നു പറയാനാവൂ. വവ്വാലുകളെ പിടിക്കാനുള്ള ആധുനിക കെണികള്‍ രാജ്യത്തു ലഭ്യമല്ലെന്നും ശ്രീഹരി വ്യക്തമാക്കുന്നു.

ചിത്രം: ശ്രീഹരി രാമൻ

ഓസ്ട്രേലിയയില്‍നിന്നു നാലു ലക്ഷംരൂപ ചെലവഴിച്ചാണ് ഒരു സ്ഥാപനം രണ്ടു കെണികള്‍ ഇറക്കുമതി െചയ്തത്. ഇതിന്റെ മാതൃക ഉപയോഗിച്ചു പ്രാദേശിക സഹായത്തോടെ 20,000 രൂപ ചെലവില്‍ ശ്രീഹരി കെണി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയിലെ പഠനത്തിനുശേഷമാണു ശ്രീഹരി ചൈനീസ് സര്‍വകലാശാലയില്‍ പഠനത്തിനു ചേര്‍ന്നത്. അടുത്ത മാസം ചൈനയിലേക്കു തിരിച്ചുപോകും. വവ്വാലുകളെ ശത്രുക്കളായി കാണരുതെന്നും മനുഷ്യനു ജീവിക്കണമെങ്കില്‍ വവ്വാലുകളുടെ സഹായം ആവശ്യമാണെന്നും ശ്രീഹരി പറയുന്നു.

വവ്വാലുകള്‍ ആരുടെയും ശത്രുക്കളല്ല

കേരളത്തില്‍ 50 തരം വവ്വാലുകളുണ്ട്. ഇതില്‍ ആറെണ്ണം പഴങ്ങള്‍ കഴിക്കുന്നവയും ബാക്കിയുള്ളവ പ്രാണികളെ ഭക്ഷിക്കുന്നവയുമാണ്. പഴങ്ങള്‍ ഭക്ഷിക്കുന്നവ ഒരു ദിവസം 20-25 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പ്രാണികളെ ഭക്ഷിക്കുന്നവ അഞ്ചു മുതല്‍ ഏഴു കിലോമീറ്റര്‍ വരെയും. വവ്വാലുകള്‍ വിസര്‍ജിക്കുന്ന വിത്തുകള്‍ വേഗത്തില്‍ വളരും. പ്രാണികളെ തിന്നുന്ന വവ്വാലുകള്‍ കൊതുകുകളെയും കൃഷിനാശം വരുത്തുന്ന പ്രാണികളെയും ഭക്ഷിക്കുന്നു. പ്രാണികളെ തിന്നുന്ന വവ്വാലിന് 30 ഗ്രാമാണ് ഭാരമെങ്കില്‍ 30 ഗ്രാം കൊതുകിനെയാണ് ഒരു ദിവസം തിന്നുന്നത്. 30 ഗ്രാം കൊതുകിനെ ഭക്ഷിക്കണമെങ്കില്‍ വവ്വാലുകള്‍ ചെയ്യുന്ന മഹത്തായ പ്രവൃത്തി ഊഹിക്കാവുന്നതേയുള്ളൂ എന്നു ശ്രീഹരി പറയുന്നു.

‘കൊതുകുകളെ വവ്വാലുകള്‍ വേട്ടയാടുന്നതാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങള്‍ പടരാത്തതിന് ഒരു കാരണം. നമ്മുടെ സഹജീവിയാണെന്ന പരിഗണന വവ്വാലിനു നല്‍കണം. അവയെ കാരണമില്ലാതെ കൊന്നൊടുക്കരുത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. 1500 വവ്വാലുകളെയെങ്കിലും ഗവേഷണ ആവശ്യത്തിനായി ഞാന്‍ പിടിച്ചിട്ടുണ്ട്. വവ്വാലുകള്‍ അസുഖം പരത്തുമെങ്കില്‍ ആദ്യം അസുഖം വരേണ്ടത് എനിക്കാണ്. വവ്വാലുകളെ കൊന്നൊടുക്കുന്നത് നിര്‍ത്തണം. വവ്വാല്‍ ഇറച്ചിക്ക് ആസ്മ പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവില്ല’- ശ്രീഹരി വ്യക്തമാക്കുന്നു.

നിപ്പയെ എങ്ങനെ പ്രതിരോധിക്കാം ?

പഴങ്ങളിലൂടെ വൈറസ് പകരാന്‍ സാധ്യത കുറവാണ്. എങ്കിലും, തൽക്കാലത്തേക്കു ജാഗ്രത പുലർത്തണം. വവ്വാലുകള്‍ കടിച്ച ഭക്ഷണം കഴിക്കരുത്. പനകളിലും തെങ്ങുകളിലും വവ്വാലിന്റെ സാന്നിധ്യം ഉള്ളതിനാല്‍ കള്ളിന്റെ ഉപയോഗം നിര്‍ത്തണം. ചൂടാക്കിയ വെള്ളമേ ഉപയോഗിക്കാവൂ. പനിയും തലവേദനയും ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. സ്വയം ചികില്‍സ ഒഴിവാക്കുക.