നിപ്പ: വീടൊഴിഞ്ഞ് കുടുംബങ്ങൾ; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

നിപ്പ വൈറസ് ബാധിച്ച രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന പേരാമ്പ്ര ആശുപത്രിയിലെത്തിയ വിദ്യാർഥികൾ മാസ്ക് ധരിച്ച്. ചിത്രം: സജീഷ് പി. ശങ്കർ

കോഴിക്കോട്∙ പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് കൂരാച്ചുണ്ടിലും ചക്കിട്ടപാറയിലുമായി അന്‍പതിലധികം കുടുംബങ്ങള്‍ വീടൊഴിഞ്ഞു. പലരും രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബന്ധുവീടുകളിലേക്കാണു മാറിയത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഡെങ്കിപ്പനി ബാധയില്‍ വട്ടച്ചിറയില്‍ മാത്രം അഞ്ചുപേരാണ് മരിച്ചത്. അതേസമയം, ആശങ്ക വേണ്ടെന്നും പകരം അതീവ ശ്രദ്ധ മതിയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. കുടുംബങ്ങളുടെ പലായനം തടയുന്നതിന് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്ത് നേതൃത്വവും കൃത്യമായ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.

കൂരാച്ചുണ്ട് പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ മാത്രം ഇരുപത്തി രണ്ട് കുടുംബങ്ങളാണ് വീട് പൂട്ടിയിറങ്ങിയത്. പലരും ബന്ധുവീടുകളില്‍ അഭയം തേടി. എങ്ങോട്ടു പോകണമെന്നറിയാതെ വീടിന് പുറത്തിറങ്ങാതിരിക്കുന്നവരുമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം ഡെങ്കിപ്പനി ബാധയില്‍ പ്രദേശത്തെ അഞ്ചുപേര്‍ മരിച്ചതിന്റെ ആവര്‍ത്തനമാകുമോ നിപ്പയെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.

അതേസമയം, പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മരണം ചക്കിട്ടപ്പാറക്കാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല. പലരും ആശങ്കയോടെയാണ് ലിനിയുടെ കുടുംബാംഗങ്ങളെ വിളിക്കുന്നത്. ബന്ധുക്കളോട് വീട്ടിലേക്ക് വരേണ്ടതില്ലെന്ന മുന്നറിയിപ്പ് ഇവര്‍ തന്നെ നല്‍കുന്നുണ്ട്. പ്രദേശത്തുള്ളവര്‍ പലരും വീടു പൂട്ടി നാടുവിട്ടു.

അതിനിടെ, നിപ്പ വൈറസ് ബാധ സൃഷ്ടിച്ച അടിയന്തരസാഹചര്യം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് അവലോകനം ചെയ്യും. രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളും ചര്‍ച്ചയാകും. ലിനിയുടെ കുടുംബത്തിനുള്ള സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണിച്ചേക്കും.