ഒരാൾക്കു കൂടി നിപ്പ സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളോടെ കോഴിക്കോട്ട് 19 പേർ

കോഴിക്കോട്/ കോട്ടയം ∙ കോഴിക്കോട്  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നിപ്പ ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നായി. മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച പത്തുപേരടക്കം 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു  മരിച്ച തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികിൽസ തേടിയവരിലൊരാൾ. ഇവിടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികിൽസയിലുള്ളത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയിൽനിന്നു കടുത്തുരുത്തിയിൽ വിവാഹനിശ്ചയത്തിനെത്തിയ അൻപത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണു ചികിൽസയിലുള്ളത്. പേരാമ്പ്രയിൽനിന്നെത്തിയ ആൾ ട്രെയിൻ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാൽ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിൾ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചു. രോഗബാധിതർക്കു നൽകാൻ 2,000 റൈബവൈറിൻ ഗുളികകൾ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. 8,000 ഗുളികകൾ കൂടി ഉടനെത്തിക്കും. ചികിൽസച്ചട്ടം രൂപീകരിച്ച ശേഷമേ നൽകൂ.