കണ്ണൂരിന് ഹരിത കവചം തീർക്കുന്നവർ അതിനു തുള വീഴാതെ സൂക്ഷിക്കണം: സുരേഷ് കീഴാറ്റൂർ

കണ്ണൂർ∙ കണ്ണൂരിന് ഹരിത കവചം തീർക്കുന്നവർ അതിനു തുള വീഴാതെ സൂക്ഷിക്കണമെന്നു കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ. ബഹുജന സമരങ്ങളെ പുച്ഛിച്ചും പരിഗണിക്കാതെയും തീരുമാനങ്ങളെടുക്കുമ്പോൾ ഓരോ പ്രദേശത്തുമുണ്ടാകുന്ന അടിയൊഴുക്കുകൾ പാർട്ടിക്കാർ മനസ്സിലാക്കുന്നതു നല്ലതാണെന്നും സുരേഷ് കീഴാറ്റൂർ മുന്നറിയിപ്പു നൽകി. സമ്പന്നരുടെ വീടിനടുത്തെത്തുമ്പോൾ ഹൈവേ വളയുന്നതും ജനം മനസിലാക്കുന്നുണ്ട്.– സുരേഷ് പറഞ്ഞു. 26നു കീഴാറ്റൂരിൽനിന്നു കണ്ണൂരിലേക്കു നടത്താൻ നിശ്ചയിച്ച ബഹുജന മാർച്ചിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു സുരേഷ്.

സമരം ചില ആളുകളുടെ കുത്തകയാണെന്നാണ് ഇവരുടെ ധാരണ. അതുകൊണ്ടാണ് ഇടതു നേതാക്കൾ മറ്റുള്ള സമരങ്ങളെ പുച്ഛിക്കുന്നത്. കീഴാറ്റൂരിൽ നാലു കുടുംബങ്ങളേ സമ്മത പത്രം നൽകാനുള്ളൂ. സമരത്തിനു പിന്തുണയില്ല തുടങ്ങിയ പച്ചക്കള്ളങ്ങളാണു പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഇത് എത്രകാലം നടത്താനാവും. കീഴാറ്റൂരുകാർ എന്തായാലും ഇതു വിശ്വസിച്ചിക്കില്ല. പുറത്തുളളവരെയും ഒരുപാടുകാലം കള്ളംപറഞ്ഞു പറ്റിക്കാനാവില്ലെന്നും സുരേഷ് പറഞ്ഞു.