വീണ്ടും വെടിവയ്പ്, ഒരു മരണം; തൂത്തുക്കുടി ജാലിയൻവാലാ ബാഗായെന്ന് സ്റ്റാലിൻ

പൊലീസ് വാഹനത്തിനു പ്രതിഷേധക്കാർ തീയിട്ടപ്പോൾ. ചിത്രം: എഎൻഐ

ചെന്നൈ∙ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിനു നേരെ വീണ്ടും പൊലീസ് നടപടി. സമരക്കാർക്കുനേരെ ഇന്നും വെടിവയ്പുണ്ടായി. അണ്ണാനഗറില്‍ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഒരാള്‍ മരിച്ചതായും ഒട്ടേറെപ്പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. സമരക്കാർ പൊലീസ് ബസ് കത്തിച്ചു. തൂത്തുക്കുടി എസ്പി മഹേന്ദ്രനു ഗുരുതരമായി പരുക്കേറ്റു.

ആവശ്യപ്പെട്ടാൽ കേന്ദ്രസേനയെ അയക്കാൻ തയാറാണെന്നു കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചു. റിട്ട.ജഡ്ജ് അരുണ ജഗദീശനെ അന്വേഷണത്തിനായി കേന്ദ്രസർക്കാർ നിയമിച്ചു. പൊലീസിന്റെ രണ്ടു വാഹനങ്ങൾക്കാണു സമരക്കാർ ഇന്നു തീയിട്ടത്. പ്ലാന്റ് അടച്ചിടണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തോളം വരുന്ന പ്രതിഷേധക്കാരാണു പ്രകടനം നടത്തിയത്. 1919ലെ ജാലിയൻവാലാ ബാഗിനു തുല്യമായ സ്ഥിതിവിശേഷമാണു തൂത്തുക്കുടിയിൽ നിലനിൽക്കുന്നതെന്നു ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ പറഞ്ഞു.

സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചവർക്കുനേരെ ചൊവ്വാഴ്ചയുണ്ടായ പൊലീസ് വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ പത്താം ക്ലാസ് വിദ്യാർഥിനിയുമുണ്ട്. പൊലീസുകാരുൾപ്പെടെ മുപ്പതോളം പേർക്കു പരുക്കേറ്റു. നിരോധനാജ്ഞ ലംഘിച്ചു കലക്ടറേറ്റിനുള്ളിലേക്ക് ഇരച്ചുകയറിയ സമരക്കാർ കെട്ടിടത്തിനു തീയിടാൻ ശ്രമിച്ചപ്പോഴാണു വെടിവച്ചതെന്നു പൊലീസ് പറയുന്നു.