നിപ്പ: കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ റദ്ദാക്കി

കോഴിക്കോട്∙ നിപ്പ വൈറസ് ബാധയെ തുടർന്നു കോഴിക്കോട് ജില്ലയിലെ സർക്കാർ പൊതുപരിപാടികൾ‍ റദ്ദാക്കി. അടുത്ത വ്യാഴാഴ്ച വരെയാണു നിയന്ത്രണം. കുട്ടികളുടെ ട്യൂഷനുൾപ്പെടെ എല്ലാ പരിശീലനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

നിപ്പ വൈറസിനെതിരെ കണ്ണൂരിലും മാഹിയിലും മംഗളൂരുവിലും അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി ടി.വി. അശോകൻ തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസ തേടിയിരുന്ന സാഹചര്യത്തിൽ കണ്ണൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രത്യേക വാർഡ് ഉൾപ്പെടെ സജ്ജമാക്കാൻ കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മാഹിയെ നിപ്പ വൈറസ് ഭീഷണിയുള്ള പ്രദേശമായി അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ പ്രഖ്യാപിച്ചു.

മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കർണാടക സർക്കാരും അതീവ ജാഗ്രതയിലാണ്. ‌കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് ഒട്ടേറെപ്പേർ മംഗളൂരുവിൽ എത്താറുള്ള സാഹചര്യത്തിലാണു ജാഗ്രതാ നിർദേശമെന്നു ജില്ലാ ആരോഗ്യ – കുടുംബക്ഷേമ ഓഫിസർ ഡോ. രാമകൃഷ്ണ റാവു പറഞ്ഞു. മലയാളികൾ ഏറെയെത്തുന്ന ഉഡുപ്പിയിലും മുൻകരുതലിനു ജില്ലാ ഡപ്യൂട്ടി കമ്മിഷണർ പ്രിയങ്ക മേരി ഫ്രാൻസിസ് നിർദേശിച്ചു.