തൂത്തുക്കുടി പ്രക്ഷോഭം: സ്ത്രീകളെയും കുട്ടികളെയും മർദിക്കുന്ന വിഡിയോ പുറത്ത്

തൂത്തുക്കുടിയിൽ പ്രതിഷേധക്കാരെ നേരിടുന്ന പൊലീസ് സംഘം

ചെന്നൈ∙ സ്റ്റെർലൈറ്റ് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ ആക്രമണങ്ങളുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൂട്ടിയിരുന്ന വാതിൽ പൊളിച്ച് അകത്തു കയറി പൊലീസ് മർദിച്ചെന്നും കുട്ടികളെയടക്കം പിടിച്ചു കൊണ്ടുപോയെന്നുമുള്ള പരാതികളാണു പുറത്തു വരുന്നത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെപ്പോലും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, സംഘര്‍ഷത്തിനിടെ ഒറ്റപ്പെട്ടു പോയ പൊലീസുകാരനെ സമരക്കാർ മർദിക്കുന്ന ദൃശ്യങ്ങളും മനോരമ ന്യൂസിനു ലഭിച്ചു.

അതേസമയം, പൊലീസ് വെടിവയ്പുണ്ടായ തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരുകയാണ്. വെടിവയ്പില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചതോടെ ആകെ മരണം 13 ആയി. നിരോധനാജ്ഞ തുടരുന്ന ജില്ലയില്‍ ബന്ദിനു സമാനമായ സ്ഥിതിയാണ്. കടകള്‍ അടഞ്ഞു കിടക്കുന്നു. പ്രതിഷേധങ്ങള്‍ക്കു സാധ്യതയുളളതിനാല്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനങ്ങൾക്കു തടയിടാൻ തുത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി ജില്ലകളിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ വിവാദ കമ്പനി സ്റ്റെര്‍ൈലറ്റിന്റെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാ‍ന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു നീക്കം.

അതിനിടെ, തൂത്തുക്കുടി വെടിവയ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു സിപിഎം രംഗത്തെത്തി. വെടിവയ്പില്‍ പ്രധാനമന്ത്രി അനുശോചനം പോലും അറിയിക്കാത്തത് എന്തുകൊണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചോദിച്ചു. വേദാന്ത കമ്പനി ബിജെപിക്കു വലിയതുക സംഭാവന നല്‍കുന്നതുകൊണ്ടാണോ പ്രധാനമന്ത്രിയുടെ മൗനമെന്നും യച്ചൂരി ചോദിച്ചു.