പെൺകുട്ടിയുമായി ഹോട്ടലിൽ: സൈനികനെതിരെ നടപടിയെടുക്കുമെന്ന് ബിപിൻ റാവത്ത്

നിതിൻ‍ ലീതുൽ ഗോഗൊയ്

ശ്രീനഗർ∙ ഹോട്ടൽ അധികൃതരുമായി തർക്കമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത മേജർ ലീതുൽ ഗോഗൊയ് തെറ്റുകാരനെന്നു കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. ഇന്ത്യൻ സൈന്യത്തിൽ ആരെങ്കിലും, ഏതു റാങ്കിലുള്ളതാണെങ്കിലും, തെറ്റു ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കും. ഗോഗൊയ് തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എല്ലാവർക്കും മാതൃകയാക്കാവുന്ന തരത്തിലുള്ള ശിക്ഷാനടപടിയാകും എടുക്കുകയെന്നും റാവത്ത് പറഞ്ഞു.

ബുധനാഴ്ചയാണ് മേജർ ഗോഗൊയ്, ഡ്രൈവർ, പതിനെട്ടുകാരി പെൺകുട്ടി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു പേർക്ക് ഒരു രാത്രിയിലേക്ക് മേജർ ഓൺലൈൻ വഴി മുറിയെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച പെൺകുട്ടിക്കും ഡ്രൈവർക്കുമൊപ്പം ഗോഗൊയ് ഹോട്ടലിലെത്തി. എന്നാൽ പെൺകുട്ടിയെ മുറിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതേത്തുടർന്ന് മേജർ ജീവനക്കാർക്കു നേരെ തട്ടിക്കയറുകയായിരുന്നു. ഒരു മീറ്റിങ്ങിനായിട്ടാണു വന്നതെന്നായിരുന്നു മേജറിന്റെ നിലപാട്. വാക്കേറ്റം സംഘർഷത്തിലേക്കു നീങ്ങിയതോടെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു.