ബോധ്‌ഗയ സ്ഫോടനം: അഞ്ച് ഇന്ത്യൻ മുജാഹിദീൻ അംഗങ്ങൾ കുറ്റക്കാർ

പട്ന ∙ 2013 ലെ ബോധ്‌ഗയ സ്ഫോടനത്തിലെ അഞ്ചു പ്രതികളും കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. ഹൈദർ അലി, ഇംതിയാസ് അൻസാരി, ഉമർ‍ സിദ്ദിഖി, അസ്ഹറുദ്ദീൻ ഖുറൈഷി, മുജീബുല്ല അൻസാരി എന്നിവരാണ് പ്രതികൾ, ഭീകര സംഘടന ഇന്ത്യൻ മുജാഹിദീനിലെ അംഗങ്ങളാണ് ഇവർ. മേയ് 31 ന് ശിക്ഷ വിധിക്കും. ബിഹാറിൽ, ബുദ്ധന് ബോധോദയമുണ്ടായെന്നു കരുതപ്പെടുന്ന സ്ഥലത്തെ മഹാബോധി ക്ഷേത്ര പരിസരത്ത് 2013 ജൂലൈ ഏഴിനാണ് സ്ഫോടന പരമ്പര നടന്നത്. അര മണിക്കൂറിനുള്ളിൽ നടന്ന ഒൻപതു സ്ഫോടനങ്ങളിൽ രണ്ടു ബുദ്ധസന്യാസിമാരടക്കം അഞ്ചുപേർക്കു പരുക്കേറ്റു. പ്രതികളിൽ ഒരാളായ ഹൈദർ അലിയാണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കണ്ടെത്തിയിരുന്നു.

ബിഹാറിലെ ആദ്യ ഭീകരാക്രമണമായിരുന്നു ഇത്. ബോധിവൃക്ഷത്തിനു സമീപത്തെ പതിവു പ്രഭാത പ്രാർഥന നടക്കുന്നതിനിടെയായിരുന്നു സ്ഫോടനങ്ങൾ. ബോധിവൃക്ഷത്തിനു സമീപം ഒരു ബോംബ് വച്ചിരുന്നെങ്കിലും അത് പൊട്ടിയില്ല.