നിപ്പ വാക്സിന്‍ കണ്ടെത്താന്‍ 170 കോടി; യുഎസ് കമ്പനികൾ ഗവേഷണത്തിൽ

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷാ കവചങ്ങളണിഞ്ഞ് രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാർ. ചിത്രം: സമീർ എ. ഹമീദ്

കൊച്ചി∙ കേരളത്തില്‍ നിപ്പ വൈറസ് പടര്‍ന്നതിനു പിന്നാലെ മറുമരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തിനായുള്ള രാജ്യാന്തര സംഘടന. മൃ‍ഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച വാക്സിന്‍ മനുഷ്യര്‍ക്കും ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്നതിന് രണ്ട് അമേരിക്കന്‍ കമ്പനികള്‍ക്കു കൊയലീഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പെയര്‍ഡ്നെസ് ഇന്നവേഷന്‍സ് (സിഇപിഐ) 170  കോടി രൂപ അനുവദിച്ചു. 

അമേരിക്കയിലെ പ്രഫക്ടസ് ബയോസയന്‍സസ്, എമര്‍ജന്റ് ബയോസൊലൂഷന്‍സ് എന്നീ കമ്പനികള്‍ക്കാണു സിഇപിഐ ധനസഹായം നൽകുന്നത്. പ്രഫക്ടസ് വികസിപ്പിച്ച വാക്സിന്‍ മൃഗങ്ങളില്‍ വിജയകരമെന്നു തെളിഞ്ഞിട്ടുണ്ട്. നിപ്പയെപോലെ തന്നെ മാരകവും വവ്വാലുകള്‍ വഴി പടരുന്നതുമായ ഹെന്‍ഡ്ര വൈറസിനും ഇതേ വാക്സിന്‍ ഫലപ്രദമാവുമെന്നു ഗവേഷകര്‍ പറഞ്ഞു. 

പരീക്ഷണം പൂര്‍ത്തിയാക്കാന്‍ നാലോ അഞ്ചോ വര്‍ഷം വേണ്ടിവരും. എമര്‍ജന്റ് ബയോസൊലൂഷന്‍സിനാണ് ഉല്‍പാദനാവകാശം. ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണപ്പെടുന്ന രോഗങ്ങളില്‍ ഗവേഷണം നടത്താന്‍ വന്‍ ഗവേഷണസ്ഥാപനങ്ങളും മരുന്നുകമ്പനികളും മടിക്കുന്നതിനെ തു‌ർന്നാണു സിഇപിഐ രൂപം കൊണ്ടത്. 

നോര്‍വെ, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍, വെല്‍കം ട്രസ്റ്റ് സന്നദ്ധസംഘടനകളുമാണു സിഇപിഐയ്ക്കു ധനസഹായം നല്‍കുന്നത്. ആഫ്രിക്കയില്‍ എബോള രോഗം പടര്‍ന്നതിനു പിന്നാലെയാണു സംഘടനയുടെ തുടക്കം. ഇന്ത്യ സംഘടനയില്‍ സ്ഥാപകാംഗമാണ്.