നിപ്പ ഭീതിയിൽ അയൽക്കാർ; തമിഴ്നാട്ടിലും കർണാ‌‌ടകയിലും ജാഗ്രത

കോട്ടയം∙ കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ വൈറസ് ഭീതി അയൽ സംസ്ഥാനങ്ങളിലേക്കും. തമിഴ്നാട്ടിലും കർണാടകയിലും നിപ്പ പരക്കുന്നെന്നാണു റിപ്പോർട്ട്. തമിഴ്നാട് സർക്കാർ പ്രതിരോധനടപടികൾ ഊർജിതമാക്കി. അതിർത്തി ചെക്പോസ്റ്റുകൾക്കു സമീപം 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ പരിശോധനാകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. 

കർണാടകയിൽ‌ രണ്ടുപേർക്കു നിപ്പ ബാധിച്ചതായി സംശയമുണ്ടെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മംഗളൂരുവില്‍ 75കാരനും 20 കാരിക്കുമാണ് വൈറസ് ബാധയേറ്റതായി സംശയിക്കുന്നത്. ഇരുവരും കേരളത്തിൽ എത്തിയിരുന്നുവെന്നാണു വിവരം. വൈറസ് ബാധിച്ച ആളുകളുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്നു സംസ്ഥാനത്തെ ആരോഗ്യവിദഗ്ധൻ ബി.വി.രാജേഷ് പറഞ്ഞു.