കോട്ടയത്തു നിപ്പ ഇല്ല; നീരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗമില്ലെന്ന് സ്ഥിരീകരണം

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന രണ്ടു പേർക്കും നിപ്പ രോഗബാധയില്ലെന്നു പരിശോധനയിൽ സ്ഥിരീകരിച്ചു. പേരാമ്പ്ര സ്വദേശിയും പാത്താമുട്ടം സ്വദേശി നഴ്സുമാണ് ചികിത്സയിൽ കഴിയുന്നത്.

ട്രെയിനില്‍ കോട്ടയത്തെത്തിയ പേരാമ്പ്ര സ്വദേശി പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു. തുടർ‌ന്ന്  ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്ക് നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വർഗീസ് അറിയിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെയാണു നിപ്പ ബാധയെന്ന സംശയത്തിൽ മെഡിക്കൽ കോളജിലെത്തിച്ചത്.