വിജയത്തിനായി എന്തും ചെയ്യൂ; ഫഡ്നാവിസിന്റെ സംഭാഷണം പുറത്തുവിട്ട് ശിവസേന

ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ ∙ മഹാരാഷ്ട്രയിലെ പാൽഗർ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നതെന്ന് അവകാശപ്പെട്ട് ശബ്ദരേഖ  പുറത്ത്. ശിവസേനാ മേധാവി ഉദ്ധവ് താക്കറെയാണ് പാൽഗറില്‍ നടന്ന ഒരു യോഗത്തിൽ ശബ്ദരേഖ  പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. 28 നാണ് പാൽഗറിൽ ഉപതിരഞ്ഞെടുപ്പ്.

അതേസമയം, സേന അനാവശ്യകാര്യത്തിൽ ഇടപെടുകയാണെന്നും ശബ്ദരേഖയുടെ പൂർണരൂപം ഉടൻ പുറത്തുവിടുമെന്നും ബിജെപി അറിയിച്ചു. സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്തതിനു തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകും. ഓഡിയോ ക്ലിപ്പിലെ സംഭാഷണം ഇങ്ങനെ– ‘പാൽഗറിൽ നമ്മുടെ നിലനിൽപ്പിനെ തടയുന്നവരെ ഒരു പാഠം പഠിപ്പിക്കണം. നമ്മള്‍ ഇപ്പോൾ ശാന്തമായി ഇരിക്കരുത്. വലിയ ആക്രമണങ്ങൾ നടത്തി ബിജെപി എന്താണെന്നു കാണിച്ചുകൊടുക്കണം. പണം, ശിക്ഷ, ഭിന്നിപ്പിക്കൽ എല്ലാമുപയോഗിക്കണം. ആരുടേയും ഭീഷണികൾ വച്ചുപൊറുപ്പിക്കേണ്ടതില്ല. നിങ്ങളുടെ പിന്നിൽ ഞാനുണ്ടാകും.’

ശബ്ദരേഖ പുറത്തുവിട്ടതിനു പിന്നാലെ, ഫഡ്നാവിസിനെതിരെ നടപടി വേണമെന്നും താക്കറെ ആവശ്യപ്പെട്ടു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസും എൻസിപിയും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കു ചേർന്ന ഭാഷയല്ല ഫഡ്നാവിസ് ഉപയോഗിച്ചതെന്ന് ശിവസേന എംപി സഞ്ജയ് റൗട്ട് പറഞ്ഞു. മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.