നിപ്പ: കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം

കോഴിക്കോട്∙ നിപ്പ രോഗികൾ ചികിത്സയിലുള്ള സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. അത്യാഹിത വിഭാഗത്തിൽ ഒഴികെയുള്ളവരെ ഡിസ്ചാർജ് ചെയ്യും. സാധാരണ പ്രസവ കേസുകൾ അഡ്മിറ്റ് ചെയ്യേണ്ടെന്നും തീരുമാനമുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് അവധി നൽകില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോൾ പ്രകാരമുള്ള വസ്ത്രം നിർബന്ധമാക്കിയെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

അതിനിടെ നിപ്പ വൈറസ് ബാധിച്ച ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്. കഴിഞ്ഞ 16 മുതൽ ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഇന്നു രാവിലെയാണ് ഇവർക്കു രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയെങ്കിലും സ്ഥിരീകരിച്ചത് 12 പേർക്കു മാത്രമാണ്. ആദ്യം മരിച്ച സാബിത്തിന്റെ സ്രവസാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടില്ലായിരുന്നതിനാൽ നിപ്പ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, രോഗം സ്ഥിരീകരിച്ച രണ്ടു പേരു‌ടെ നില ഗുരുതരമായി തുടരുകയാണ്.

പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച മട്ടാഞ്ചേരി സ്വദേശി രണ്ടര വയസുകാരൻ ഫർദീന് നിപ്പാ വൈറസ് ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്കയച്ച നാലു സാംപിളുകളിൽ രണ്ടെണ്ണത്തിലും നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. ഇനി രണ്ടു സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഈ രണ്ടു പേരും ആശുപത്രി വിട്ടു. പേരാമ്പ്ര സ്വദേശികളായ രണ്ടു പാരാ മെഡിക്കൽ വിദ്യാർഥികളെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ പാരാ മെഡിക്കൽ വിദ്യാർഥിനിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് നിരീക്ഷണത്തിനു വേണ്ടി മാത്രമാണെന്നും ഇവരുടെ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

അതിനിടെ, കഴിഞ്ഞ ദിവസവും ഇന്നലെയുമായി 21 രോഗികളുടെ സാംപിളുകൾ പരിശോധനയിൽ നെഗറ്റിവ് ആണെന്നു കണ്ടെത്തി. കൂടുതൽ പേർക്കു രോഗലക്ഷണങ്ങളില്ല. മരിച്ച മലപ്പുറം മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യൻ അടക്കമുള്ളവരുടെ സാംപിളുകളാണു മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചത്. എങ്കിലും നാലു മുതൽ 21 വരെ ദിവസം ലക്ഷണം പ്രകടമാകില്ലെന്നതിനാൽ നിരീക്ഷണം തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

സാംപിൾ ഫലം നെഗറ്റിവ് ആയവരിൽ അഞ്ചു പേർ മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്. കോഴിക്കോട്, മഞ്ചേരി, തൃശൂർ മെഡിക്കൽ കോളജുകളിലായി ചികിൽസയിലാണിവർ. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസ തേടിയ രണ്ടുപേർക്കും നിപ്പ ഇല്ല. നിലവിൽ വിവിധ ജില്ലകളിലായി 26 പേർക്കു നിപ്പ സംശയിക്കുന്നു. ആരോഗ്യവകുപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്: കോഴിക്കോട് – 10, മലപ്പുറം – ആറ്, കണ്ണൂർ, എറണാകുളം – മൂന്നു വീതം, തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർകോട് – ഒന്നു വീതം.