സാബിത്ത് മലേഷ്യയിൽ പോയിട്ടില്ല; നിപ്പ വന്ന വഴി അവ്യക്തം

സാബിത്തിന്റെയും (ഇടത്) സാലിഹിന്റെയും (വലത്) പാസ്പോർട്ടിന്റെ പകർപ്പ്

കോഴിക്കോ‌ട് ∙ നിപ്പ ബാധിച്ചെന്നു സംശയമുള്ള രോഗികളിൽ ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയ്ക്കു പോയതിനു തെളിവില്ല. സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്പോർട്ട് രേഖകളിലുള്ളത്.‌‌ നിപ്പ വാഹകരായി സംശയിച്ചിരുന്ന വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്താൻ സാധിക്കാതിരുന്നതോടെയാണ് സാബിത്തിന്റെ വിദേശയാത്രയെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. സാബിത്തിന്റെ യാത്രാവിവരങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ കലക്ടർ ഇന്നലെ നിയോഗിച്ചിരുന്നു. എൻജിനീയറായ ചേട്ടൻ സാലിഹിനൊപ്പമാണു സാബിത്ത് ദുബായിലേക്കു പോയത്. ജോലി സംബന്ധമായ ഇന്റർവ്യൂവിൽ പങ്കെടുക്കാനായിരുന്നു സാലിഹിന്റെ യാത്ര. അതിനൊപ്പമാണു സാബിത്തും പോയത്.

സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭർത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും വിവരമുണ്ട്.

സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വവ്വാലുകളിൽ വൈറസ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അന്വേഷണം നിർണായകമാകും. കിണർ വൃത്തിയാക്കാൻ കൂടിയ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. സാംപിൾ പരിശോധനയ്ക്കായി കൂടുതൽ വവ്വാലുകളെ പിടിക്കാനുള്ള ശ്രമങ്ങൾ മൃഗസംരക്ഷണ വകുപ്പ് മേഖലയിൽ നടത്തുന്നുണ്ട്.

പേരാമ്പ്രയിൽ മൂന്നു പേർ മരിച്ച വീട്ടിലെ കിണറ്റിൽനിന്നു പിടിച്ച വവ്വാലുകളിൽ നിപ്പ വൈറസ് ഇല്ലെന്നു ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. രക്തം, സ്രവം, വിസർജ്യം ഉൾപ്പെടെയുള്ള സാംപിളുകളാണു പരിശോധിച്ചത്. പശു, ആട്, പന്നി സാംപിളുകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. രോഗത്തിന്റെ ഉറവിടം ഏതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു.