തൂത്തുക്കുടി ശാന്തമെന്നു കലക്ടർ; നിരോധനാജ്ഞ പിൻവലിച്ചു

തൂത്തുക്കുടിയിലെ പ്രക്ഷോഭത്തിൽനിന്ന്

തൂത്തുക്കുടി ∙ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിലനിന്നിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്നാണ് ജില്ലാ കലക്ടർ സന്ദീപ് നന്ദൂരി നിരോധനാജ്ഞ പിൻവലിക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ 24 മണിക്കൂറായി പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി പരിശോധിച്ചു വരികയാണെന്നും കലക്ടർ പറഞ്ഞു.

സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെതിരെയാണ് തൂത്തുക്കുടിയിൽ പ്രതിഷേധം നടക്കുന്നത്. 20 വർഷം മുൻപ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെ പ്രതിഷേധമുണ്ട്. രണ്ടാം പ്ലാന്റ് തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെ ഇത് ആളിക്കത്തി. പ്ലാന്റ് സ്ഥിതിചെയ്യുന്ന കുമാർ റെഡ്യാർപുരത്തു കഴിഞ്ഞ മാർച്ച് 24നു രണ്ടുലക്ഷം പേർ അണിനിരന്ന പ്രതിഷേധം നടന്നു. അന്നുമുതൽ സമരം തുടരുന്നു. ഇതിനിടെ, പ്ലാന്റിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തീരുമാനിച്ചു.

മേയ് 22 നു രണ്ടു ഭാഗത്തായാണു സമരം തുടങ്ങിയത്. ഇരുഭാഗത്തുമായി 20,000ത്തിലധികം പേർ. പൊലീസുകാർ 1500. കലക്ടറേറ്റിലേക്കു മാർച്ച് ചെയ്തവർക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതോടെ പ്രതിഷേധക്കാർ കല്ലേറു തുടങ്ങി. പൊലീസ് വെടിയുതിർത്തു, 13 പേർ മരിച്ചു.

വെടിവയ്പിന് ആര് ഉത്തരവിട്ടെന്ന ചോദ്യത്തിന് ഇതുവരെ സർക്കാർ ഉത്തരം നൽകിയിട്ടില്ല. ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നൽകുക, കണ്ണീർവാതകം പ്രയോഗിക്കുക, ലാത്തിച്ചാർജ് നടത്തുക തുടങ്ങി, വെടിവയ്പിനു മുൻപുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നു വ്യക്തം. പുറത്തുവന്ന ദൃശ്യങ്ങളിൽ, വാനിനു മുകളിൽനിന്നു ടീ ഷർട്ട് ധരിച്ചു വെടിയുതിർക്കുന്നതു പൊലീസ് സ്ട്രൈക്കിങ് ഫോഴ്സ് അംഗങ്ങളാണെന്നാണു സൂചന.