ജസ്നയുടെ തിരോധാനം: ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

ജസ്ന

റാന്നി∙ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്കവല കുന്നത്തുവീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. ജസ്നയെപ്പറ്റി വിവരങ്ങൾ നൽകുന്നവർക്കു നൽകാനുള്ള പാരിതോഷികം രണ്ടിൽ നിന്ന് അഞ്ചു ലക്ഷമാക്കി ഉയർത്തിയെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണനെ സംഘത്തിലെ ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ളയെ ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായും നിയമിച്ചിട്ടുണ്ട്.

ജസ്നയെ സംബന്ധിച്ച വിവരങ്ങള്‍  ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്, തിരുവല്ല, പത്തനംതിട്ട, കേരളം എന്ന വിലാസത്തിലോ 94979 90035 എന്ന ഫോണ്‍ നമ്പരിലോ dysptvllapta.pol@kerala.gov.in എന്ന ഇമെയിലിലോ നല്‍കണമെന്നു പത്തനംതിട്ട എസ്പി. അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നയാളുടെ പേരും മറ്റു വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും.

തിരോധാന കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജസ്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതിയും നൽകി. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

ജസ്നയെ കാണാതായി രണ്ടു മാസം കഴിഞ്ഞ സാഹചര്യത്തിലാണു പുതിയ നീക്കം. ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് എരുമേലി പൊലീസിലും തൊട്ടടുത്ത ദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും ജസ്നയുടെ പിതാവ് പരാതി നല്‍കി. നാലാം ദിവസം മാത്രമാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം വഴിമുട്ടിയതോടെ പ്രത്യേക അന്വേഷണ സംഘമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കാണുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ 47–ാം ദിവസമാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാഴ്ച കെട്ടുകഥകള്‍ക്കു പിന്നാലെ ബെംഗളൂരുവില്‍ അലഞ്ഞതല്ലാതെ ഫലമുണ്ടായില്ല. ഇതോടെയാണ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചത്.

ജസ്നയുടെ തിരോധാനം ഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ ഉപവാസ സമരവും നടത്തിയിരുന്നു.