കോഴിക്കോട് ഒരാൾക്കു കൂടി നിപ്പ സ്ഥിരീകരിച്ചു; ഗൾഫിൽ ഇറക്കുമതിക്കും തിരിച്ചടി

നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയ പേരാമ്പ്രയിലെ ആശുപത്രിയിൽ മാസ്ക് ധരിച്ചുനിൽക്കുന്നവർ

കോഴിക്കോട് ∙ ജില്ലയിൽ ഒരാൾക്കു കൂടി നിപ്പ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ നിപ്പ ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. നിപ്പ വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഗൾഫിൽ വിലക്കേർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ഇറക്കുമതി തടഞ്ഞത്. അതിനിടെ നിപ്പ വൈറസ് പിടിപെട്ടു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകൻ അബിൻ (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലാണു മരണം. ഒാട്ടോ ഡ്രൈവറാണ്.

അബിന്റെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ പോയപ്പോൾ പ്രദേശത്തുള്ള ചിലരെയുംകൊണ്ട് താലൂക്ക് ആശുപത്രിയിൽ പോയിട്ടുണ്ടെന്നും അങ്ങനെയാവും രോഗം പകർന്നിട്ടുണ്ടാകുകയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതോടെ, നിപ്പ ബാധ മൂലം മരിച്ചവരുടെ എണ്ണം 14 ആയി. ഇവരിൽ, ആദ്യം സ്രവ സാംപിൾ എടുക്കാതെ മരിച്ച മുഹമ്മദ് സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ്പ മൂലമാണെന്നു പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

സംസ്ഥാനത്താകെ ഇതുവരെ 15 പേർക്കാണു നിപ്പ സ്ഥിരീകരിച്ചത്. അവരിൽ 13 പേർ മരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ ആകെ 12 പേർക്കാണു നിപ്പ വൈറസ് ബാധ സംശയിക്കുന്നത്. 12 പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. ഇതിൽ രണ്ടുപേർ മലപ്പുറത്തുനിന്നുള്ളവരാണ്. ഇതുവരെ 77 പരിശോധനാ സാംപിളുകളുടെ ഫലം ആരോഗ്യവകുപ്പിനു ലഭിച്ചു. അതിൽ 62 സാംപിളുകളും നെഗറ്റിവാണ്.

നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടർമാരിലൊരാൾ ഇന്നലെ ചികിത്സ തേടി. മരുന്നു നൽകി അദ്ദേഹത്തെ വിട്ടയച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ (ഐഎംസിആർ) അംഗീകാരം കിട്ടാത്തതിനാൽ, ഓസ്ട്രേലിയയിൽനിന്നു കൊണ്ടുവന്ന മരുന്ന് രോഗികൾക്കു കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നു വൈദ്യസംഘം അറിയിച്ചു.