ജാഗ്രത കാട്ടേണ്ടത് പൊലീസ്, അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കേണ്ട: പിണറായി

തിരുവനന്തപുരം∙ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശിയായ കെവിൻ പി.ജോസഫ് കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ നമ്മുടേതു പോലൊരു സംസ്ഥാനത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. പൊലീസ് കാണിക്കേണ്ട ജാഗ്രത പൊലീസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതിയുമായെത്തിയ കെവിന്റെ ഭാര്യ നീനുവിനെ, ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുള്ള വിവരം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അവഗണിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതിലേക്ക് മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് പിണറായി വ്യക്തമാക്കിയത്.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് ഗുണ്ടകൾക്ക് അഴിഞ്ഞാടാമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ഇത് അത്യന്തം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസ് കാട്ടേണ്ട ജാഗ്രത അവർ തന്നെ കാട്ടണം. അല്ലാതെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതിൽ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല എസ്ഐയ്ക്കല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന് പ്രത്യേക സംഘവും സംവിധാനങ്ങളുമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ ചുമതലയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും വിവാഹം കഴിക്കാൻ തീരുമാനിച്ചു. അതിൽ യുവതിയുടെ സഹോദരനും വീട്ടുകാർക്കും ബന്ധുക്കൾക്കും എതിർപ്പുണ്ടായിരുന്നു എന്നാണ് അറിയുന്നത്. അതിന്റെ ഭാഗമായി നടന്ന സംഭവങ്ങളാണ് ഇതെല്ലാം. കുറച്ചുപേർ ചേർന്ന് ആ ചെറുപ്പക്കാരന തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവം അറിഞ്ഞശേഷം ശക്തമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. കോട്ടയത്തും കൊല്ലത്തും രണ്ടു പൊലീസ് സംഘങ്ങൾ വീതം പ്രതികളെ പിടികൂടാൻ ശ്രമം നടത്തുന്നുണ്ട്. കുറ്റക്കാർ ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമെ സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നും പിണറായി വ്യക്തമാക്കി.