കയ്റാന, ഭണ്ഡാര–ഗോണ്ടിയ കൈവിട്ടു; ബിജെപിക്ക് ആശ്വാസമായി പാൽഘർ, നാഗാലാൻഡ്

യുപിയിലെ കയ്റാനയിൽ വിജയിച്ച എസ്പി–ആർഎൽഡി സംയുക്ത സ്ഥാനാർഥി തബസും ഹസൻ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂഡൽഹി ∙ നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിരാശയും ആശ്വാസവും. നാഗാലാൻഡിലെ ഏക സിറ്റിങ് സീറ്റിലും മഹാരാഷ്ട്രയിലെ പാൽഘറിലും വിജയിച്ച ബിജെപി സഖ്യം, സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ കയ്റാനയും മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയും കൈവിട്ടു. സമാജ്‌വാദി പാർട്ടി–രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി തബസും ഹസനാണ് െകയ്റാനയിൽ‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ് സീറ്റായ മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ടിയയിൽ കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച എൻസിപി സ്ഥാനാർഥിയും ജയിച്ചു.

തുടക്കത്തിൽ നാലു ലോക്സഭാ മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ ഞെട്ടിച്ച് ഉത്തർപ്രദേശിലെ കയ്റാന, മഹാരാഷ്ട്രയിലെ ഭണ്ഡാര–ഗോണ്ഡിയ എന്നിവയ്ക്കു പിന്നാലെ നാഗാലാൻഡിലും പ്രതിപക്ഷ കക്ഷികൾ മുന്നിലെത്തിയിരുന്നു. എന്നാൽ, നാഗാലാൻഡിൽ ബിജെപി പിന്തുണയുള്ള എൻഡിപിപി സ്ഥാനാർഥി, കോൺഗ്രസ് പിന്തുണയുള്ള എൻപിഎഫ് സ്ഥാനാർഥിയെ മറികടന്ന് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിപിപി സ്ഥാനാർഥിയുടെ വിജയം.

അതേസമയം, മഹാരാഷ്ട്രയിലെ പാൽഘറിൽ ശിവസേനയുടെ വെല്ലുവിളി മറികടന്ന് ബിജെപി സ്ഥാനാർഥി രാജേന്ദ്ര ഗാവിത് 29,572 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു വർഷം അകലെ നിൽക്കെ, നാലു ലോക്സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂർ ഉൾപ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും കർണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പൂർത്തിയായത്.

‘ലോക്സഭ’യിൽ ബിജെപിക്കു തിരിച്ചടി

∙ കയ്റാന – യുപിയിൽ ബിജെപിക്കും പ്രതിപക്ഷ കക്ഷികൾക്കും ഒരുപോലെ നിർണായകമായ കയ്റാന മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി–രാഷ്ട്രീയ ലോക്ദൾ സഖ്യത്തിന്റെ സംയുക്ത സ്ഥാനാർഥി തബസ്സും ഹസ്സന് വിജയം. ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന ബിജെപി സ്ഥാനാർഥി മൃഗാങ്ക സിങ്ങിനെ പിന്നിലാക്കിയാണ് തബസും ഹസ്സന്റെ വിജയം. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു കയ്റാന.

∙ പാൽഘർ – രാജേന്ദ്ര ഗാവിതിലൂടെ ബിജെപി സീറ്റ് നിലനിർത്തി. 29572 വോട്ടുകൾക്കാണ് ഗാവിതിന്റെ ജയം. ശിവസേനയുമായി മുഖാമുഖമെത്തിയ ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമായിരുന്നു. ശിവസേനയുടെ ശ്രീനിവാസ് ചിന്താമൻ വൻഗ ഇവിടെ രണ്ടാം സ്ഥാനത്തായി. ബിജെപി എംപിയായിരുന്ന ചിന്താമൻ വൻഗയുടെ നിര്യാണമാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വൻഗയുടെ മകൻ ശ്രീനിവാസിനെ സ്ഥാനാർഥിയാക്കി സഹതാപ വോട്ടിൽ നോട്ടമിട്ട ശിവസേനയ്ക്ക് തിരിച്ചടിയാണ് തിരഞ്ഞെടുപ്പു ഫലം. കോൺഗ്രസ് സ്ഥാനാർഥി ദാമു ഷിൻഗഡെ ദയനീയ പ്രകടനത്തോടെ ബഹുജൻ വികാസ് അഘാഡി (ബിവിഎ) സ്ഥാനാർഥി ഹിതേന്ദ്ര താക്കൂറിനും പിന്നിൽ നാലാം സ്ഥാനത്തായി.

∙ ഭണ്ഡാര–ഗോണ്ടിയ (മഹാരാഷ്ട്ര) – ബിജെപി സ്ഥാനാർഥി ഹേമന്ത് പഠ്‌ളെയെ പിന്നിലാക്കി, കോൺഗ്രസ് പിന്തുണയോടെ മൽസരിക്കുന്ന എൻസിപി സ്ഥാനാർഥി മധുകർ കുക്കാഡെ വിജയിച്ചു. ബിജെപിയുടെ സിറ്റിങ് മണ്ഡലമാണിത്. ബിജെപി വിട്ട നാനാ പട്ടോലെയുടെ രാജിയോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

∙ നാഗാലാൻഡ് - ബിജെപിയുമായ സഖ്യത്തിലുള്ള എൻഡിപിപിയുടെ സ്ഥാനാർഥി ടൊക്കീഹോ യെപ്തൊമി ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോൺഗ്രസ് പിന്തുണയുള്ള എൻപിഎഫ് സ്ഥാനാർതി സി. അപോക് ജമീറിനെ പിന്തള്ളിയാണ് ടൊക്കീഹോ ജയിച്ചുകയറിയത്. മുൻ രാജ്യസഭാ എംപിയായ ജമീർ, നാഗാലാൻഡ് മുൻ മുഖ്യമന്ത്രി എസ്.സി. ജമീറിന്റെ മകനാണ്.