വിട്ടുപോകുമെന്നു പേടിപ്പിച്ച ശിവസേനയെ പാൽഘറിൽ ‘പാഠം പഠിപ്പിച്ച്’ ബിജെപി

നരേന്ദ്ര മോദി, ഉദ്ധവ് താക്കറെ

മുംബൈ∙ കേന്ദ്രത്തിൽ എൻഡിഎയ്ക്കൊപ്പമായിരുന്നിട്ടും മഹാരാഷ്ട്രയിൽ സഖ്യം വിട്ടു മത്സരിച്ച ശിവസേനയ്ക്കു ബിജെപിയുടെ മുന്നില്‍ വൻ തോൽവി. പാൽഘർ ലോക്സഭാ മണ്ഡലത്തിലാണു ശിവസേനയ്ക്കു തോൽവി പിണഞ്ഞത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഉപേക്ഷിച്ചു മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന ശിവസേനയുടെ ‘തലക്കന’ത്തിനു കൂടിയാണു പാൽഘറിൽ തിരിച്ചടിയേറ്റിരിക്കുന്നത്.

കഴിഞ്ഞ തവണ മണ്ഡലത്തിൽ ശിവസേന പിന്തുണ ബിജെപിക്കായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ 29,572 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാര്‍ഥി രാജേന്ദ്ര ഗാവിത് ജയിച്ചു. മുൻമന്ത്രി കൂടിയായ രാജേന്ദ്ര ഗാവിത് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയത്താണു കോൺഗ്രസ് വിട്ടു ബിജെപിയിലേക്കെത്തിയത്. ഗാവിത്തിന് 2,72,782 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ശിവസേനയുടെ ശ്രീനിവാസ് വൻഗയ്ക്കു ലഭിച്ചത് 2,43,210 വോട്ട്. കോൺഗ്രസ് സ്ഥാനാർഥി  ദാമു ഷിൻഗഡെയ്ക്കാകട്ടെ കെട്ടിവച്ച കാശും പോയി. 

പാൽഘറിൽ ആകെ പോൾ ചെയ്തത് 8,69,985 വോട്ടുകളാണ്. അതിന്റെ ആറു ശതമാനം (52,199) വോട്ടുകളെങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശു നഷ്ടമാകും. കോൺഗ്രസിന് ആകെ ലഭിച്ചതാകട്ടെ 47,714 വോട്ടും. അഞ്ചുവട്ടം എംപിയായിരുന്നുന്നു ഷിൻഗഡെ. ‘ഭരിക്കുന്ന പാർട്ടിയുടെ എംപി ആയാൽ, പാൽഘർ ജില്ലയ്ക്കുവേണ്ടി പല പദ്ധതികളും നടപ്പാക്കാൻ കഴിയും. അതുകൊണ്ടാണു കോൺഗ്രസിൽനിന്നു ബിജെപിയിൽ എത്തി സ്ഥാനാർഥിയായത്’ എന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തു തന്നെ പാർട്ടി വിട്ടതിനെപ്പറ്റി രാജേന്ദ്ര ഗാവിതിന്റെ ന്യായീകരണം. സ്വപ്നം കണ്ടതുപോലെ വിജയം കൂടെപ്പോരുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനായി പൊതുരംഗത്തു ചുവടുവച്ച ഗാവിത് കഴിഞ്ഞ മന്ത്രിസഭയിൽ ആദിവാസിക്ഷേമ മന്ത്രിയായിരുന്നു. 

കോൺഗ്രസ്, ബഹുജൻ വികാസ് അഘാഡി (ബിവിഎം), സിപിഎം എന്നിവയുടേത് ഉൾപ്പെടെ ആകെ ഏഴു സ്ഥാനാർഥികളാണു പാൽഘറിൽ മത്സരിച്ചത്. എങ്കിലും ശിവസേനയുടെയും ബിജെപിയുടെയും നേരിട്ടുള്ള പോരാട്ടം എന്ന നിലയ്ക്കാണു മണ്ഡലം രാഷ്ട്രീയ ശ്രദ്ധ നേടിയത്. സിപിഎമ്മിനും ശക്തമായ സ്വാധീനമുള്ള മേഖലയാണിത്. എന്നാൽ ഇത്തവണ പാർട്ടിക്കു വോട്ടു കുറഞ്ഞു. സിപിഎമ്മിന്റെ കിരണ്‍ ഗഹലെയ്ക്ക് 71,686 വോട്ടാണു ലഭിച്ചത്. 2009ൽ 92,224 വോട്ടും 2014ല്‍ 76,890 വോട്ടു ലഭിച്ച സ്ഥാനത്താണിത്.

ഗുജറാത്തിനോടു ചേർന്നുകിടക്കുന്ന, ആദിവാസികൾക്കു സംവരണമുള്ള മണ്ഡലമായ പാൽഘർ ബിവിഎയുടെ കോട്ടയായിരുന്നു. 2009ൽ ബിവിഎയുടെ ബലിറാം ജാധവായിരുന്നു ഇവിടെ നിന്ന് ലോക്സഭയിലെത്തിയത്. ഇത്തവണയും ബലിറാമായിരുന്നു ബിവിഎം സ്ഥാനാര്‍ഥി. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ബിവിഎയും  സ്ഥാനാർഥിയെ നിർത്തിയതോടെ, ഫലത്തിൽ എൻഡിഎയിലെ ഘടകകക്ഷികൾ തന്നെ പരസ്പരം പോരാടുന്ന അവസ്ഥയായിരുന്നു മണ്ഡലത്തിൽ. കോണ്‍ഗ്രസും സിപിഎമ്മും മാറി ത്രികോണ മത്സരത്തിലേക്ക് ഉപതിരഞ്ഞെടുപ്പുകളം മാറുകയും ചെയ്തു. 

2014ൽ മോദി തരംഗത്തിൽ ജാധവിനെ 2.39 ലക്ഷം വോട്ടിനു പിന്നിലാക്കിയാണു ബിജെപിയുടെ ചിന്താമൻ വൻഗ അട്ടിമറി വിജയം നേടിയത്. വൻഗയുടെ മരണത്തെത്തുടർന്നാണു മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പെത്തിയത്. വൻഗയുടെ കുടുംബാംഗങ്ങളിൽ ഒരാളെ സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപി തീരുമാനം. എന്നാൽ, ശിവസേന തലവൻ ഉദ്ധവ് താക്കറെ ഇടപെട്ട് വൻഗയുടെ മകൻ ശ്രീനിവാസിനെ സ്ഥാനാർഥിയാക്കി. ഇതാണ് ബിജെപി–ശിവസേന പോരിന് ആക്കം കൂട്ടിയത്.

ചിന്താമൻ വൻഗയുടെ നിര്യാണ ശേഷം മകൻ ശ്രീനിവാസിനെ ബിജെപിയുടെ പരിപാടികളിൽ പ്രത്യേക ക്ഷണിതാവായി വേദികളുടെ മുൻനിരയിൽ ഇരുത്തിയിരുന്നു. മകനെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു സഹതാപ വോട്ടുകൾ നേടാം എന്നാണു പാർട്ടി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, പ്രാദേശിക നേതാക്കളുടെ സമ്മർദത്തിനു വഴങ്ങി പാർട്ടി മേൽഘടകം ശ്രീനിവാസനെ തഴയാൻ തുടങ്ങിയപ്പോൾ കുടുംബം ഒന്നടങ്കം ശിവസേനയിലേക്കു ചേക്കേറുകയായിരുന്നു.  

ശിവസേന സഖ്യം വിട്ടുപോയതു ബിജെപിയെ ചെറുതല്ലാത്ത വിധം ഭയപ്പെടുത്തിയിരുന്നുവെന്നതും സത്യം. ബിജെപി–ശിവസേന സഖ്യം തകർന്നാൽ മഹാരാഷ്ട്രയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നു പൊതുമരാമത്തു മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ചന്ദ്രകാന്ത് പാട്ടീൽ തന്നെയാണു വ്യക്തമാക്കിയത്. പാൽഘറിൽ  ഉദ്ധവ് താക്കറിന്റേത് തെറ്റായ രാഷ്ട്രീയമാണെന്നും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നിലും ഉദ്ധവ് ആണെന്നും പാട്ടീൽ ആഞ്ഞടിച്ചു. ശിവസേനയെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പാൽഘറിൽ സജീവ പ്രചാരണത്തിനെത്തി. 

ഇതിനിടെ മറ്റു പാർട്ടികളുമായി സഖ്യനീക്കത്തിനും ശിവസേന ശ്രമിച്ചു. കോൺഗ്രസും എൻസിപിയും കമ്യൂണിസ്റ്റുകളും വരെ പല വഴിയിൽ പോകാതെ രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന വിപത്തിനെ ഒരുമിച്ചു നിന്നു നേരിടണമെന്നായിരുന്നു തിരഞ്ഞെടുപ്പു റാലിക്കിടെ ഉദ്ധവിന്റെ ആഹ്വാനം. എന്നാൽ കോൺഗ്രസ് ഇതിനെ ആദ്യമേ തന്നെ തള്ളിക്കളഞ്ഞു. പരസ്പരം വിമർശിച്ചു കൂടുതൽ വോട്ടു നേടാനുള്ള തന്ത്രമാണു ശിവസേനയും ബിജെപിയും പയറ്റുന്നത് എന്നായിരുന്നു എംപിസിസി അധ്യക്ഷൻ അശോക് ചവാൻ തിരിച്ചടിച്ചത്. ദാമു ഷിൻഗഡെയെ കോൺഗ്രസ് മത്സരരംഗത്തിറക്കുകയും ചെയ്തു.

പ്രചാരണത്തിനിടെ രൂക്ഷമായ വാക്പോരാട്ടമാണ് ബിജെപിയും ശിവസേനയും നടത്തിയത്. വഴിയിൽ കാണുന്ന ആരെയും കുത്തിമലർത്തുന്ന ഭ്രാന്തനായ കൊലപാതകിയായി വരെ ഒരുഘട്ടത്തിൽ ബിജെപിയെ ശിവസേന വിശേഷിപ്പിച്ചു. ആരോപണ പ്രത്യാരോപണങ്ങൾക്കിടെ, ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം നിലനിർത്തേണ്ടത് ബിജെപിയുടെ അഭിമാന പ്രശ്നമായിരിക്കെയാണ്  29,572 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയം.