കെവിന്റെ കൊലപാതകം: ‘സാനുവിൽനിന്ന് എഎസ്ഐ ബിജു കൈക്കൂലി വാങ്ങി’

കോട്ടയം ∙ കെവിനെ തട്ടിക്കൊണ്ടു പോകാൻ എത്തിയ സാനുവിന്റെ പക്കൽ നിന്നു പട്രോളിങ് ജീപ്പിലെ എഎസ്ഐ ബിജു 2000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് കണ്ടെത്തി. തട്ടിക്കൊണ്ടു പോകാൻ പൊലീസിന്റെ സഹായത്തിനല്ല കൈക്കൂലി നൽകിയത്. സാനു വന്ന കാറിന്റെ നമ്പർ ചെളി കൊണ്ടു മറിച്ചിരുന്നു. സാനുവും കൂടെയുണ്ടായിരുന്ന ഇഷാനും മദ്യപിച്ചിട്ടുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ വാഹനം കസ്റ്റഡിയിൽ എടുക്കാതിരിക്കാനാണ് പണം നൽകിയത്. 

അതേസമയം, സംശയകരമായ രീതിയിൽ നമ്പർ മറിച്ചതിന്റെ കാരണം അന്വേഷിച്ച് ഇവർക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ കെവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു ഐജി വിജയ് സാഖറെ പറഞ്ഞു. കേസിൽ പൊലിസിനു മറ്റെന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും ഐജി പറഞ്ഞു.