ദീപ നിശാന്തിനു മുന്നിൽ പ്രതികളെ പൊലീസ് മർദിച്ചെന്ന്; മജിസ്ട്രേറ്റിനു പരാതി നൽകി

ദീപ നിശാന്ത്

തൃശൂർ ∙ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ അശ്ലീല പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ പ്രതികളെ ദീപ നിശാന്തിനു മുന്നിൽവച്ചു പൊലീസ് മർദിച്ചെന്നു പരാതി. തൃശൂർ സ്വദേശി പുത്തൻചിറ അനൂപ് ആണ് തൃശൂർ രണ്ടാം നമ്പർ മജിസ്ട്രേറ്റിനു മുന്നിൽ പരാതി ഉന്നയിച്ചത്. കോഴിക്കോട് സ്വദേശി ലാലു എന്നയാളെയും ഇതേ കേസിൽ പൊലീസ് മർദിച്ചതായി മജിസ്ട്രേറ്റിനോട് അനൂപ് പരാതിപ്പെട്ടു. തന്റെ പരാതിയിൽ വെസ്റ്റ് സ്റ്റേഷൻ എസ്ഐക്കെതിരെ മജിസ്ട്രേറ്റ് കേസെടുത്തതായി അനൂപ് പത്രസമ്മേളനത്തിൽ അറിയിച്ചു.

തനിക്കെതിരെ ഫെയ്സ്ബുക്കിൽ അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവർക്കെതിരെ ദീപ നിശാന്ത് വെസ്റ്റ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാളാണ് അനൂപ്. ദീപ നിശാന്തിനെ സന്തോഷിപ്പിക്കാൻ അവരുടെ മുന്നിലിട്ടു തങ്ങളെ പൊലീസ് മർദിച്ചെന്നാണ് അനൂപിന്റെ ആരോപണം.

അതേസമയം, ദീപ നിശാന്തിനെതിരെ താൻ അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചോ എന്ന കാര്യം ഓർമയില്ലെന്ന് അനൂപ് അവകാശപ്പെടുന്നു. അശ്ലീല പരാമർശങ്ങൾ അടങ്ങുന്ന പോസ്റ്റ് പ്രചരിപ്പിച്ചതു തെറ്റല്ലേ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ശരിയല്ലാത്ത എന്തെങ്കിലും താൻ ചെയ്തതായി തോന്നുന്നില്ലെന്നായിരുന്നു അനൂപിന്റെ മറുപടി. താൻ ബിജെപി പ്രവർത്തകനാണെന്നും ഇയാൾ പറഞ്ഞു.