പ്രായോഗിക ബുദ്ധിമുട്ട് വെല്ലുവിളി; നിപ്പയുടെ ഉറവിടം കണ്ടെത്താനാവുന്നില്ല

കോഴിക്കോട് ∙ നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള സാധ്യതകള്‍ കുറയുന്നുവെന്ന് സൂചന. രോഗബാധയുള്ള വവ്വാലുകളെ കണ്ടെത്തി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഇതിനിടെ വവ്വാലുകളെ പിടികൂടി പരിശോധിക്കുന്നത്  താല്‍കാലികമായി നിര്‍ത്തി. പേരാമ്പ്രയില്‍ പുതിയതായി  വൈറസ് ബാധയുടെ ലക്ഷണം കണ്ടെത്താത്തതിനെ തുടര്‍ന്നാണ് നടപടി, രോഗനിയന്ത്രണത്തിനു ശേഷം വിശദമായ പഠനം നടത്താനും തീരുമാനമായി. ഇതിനായി, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കും. എപിഡര്‍മോളജിക് പഠനത്തിന് മാസങ്ങളെടുക്കുമെന്നുളളത് പ്രശ്നം സങ്കീർണമാക്കുന്നു. ഇതുവരെ പരിശോധിച്ച മൂന്നു വവ്വാലുകളിലും മുയലുകളിലും രോഗാണു കണ്ടെത്തിയിരുന്നില്ല.

പേരാമ്പ്ര സൂപ്പിക്കടയിൽനിന്നു പിടിച്ച മൂന്നു പഴംതീനി വവ്വാലുകൾ, പത്തെണ്ണത്തിന്റെ മൂത്ര സാംപിളുകൾ, രോഗം ബാധിച്ചു മരിച്ചവരുടെ വീട്ടിൽ വളർത്തിയ മുയലിന്റെ രക്തം, സ്രവങ്ങൾ എന്നിവയാണു ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ പരിശോധിച്ചത്. ഇവയെല്ലാം നെഗറ്റീവാണ്. എന്നാൽ പഴംതീനി വവ്വാലുകളല്ല വൈറസ് വാഹകരെന്ന് ഇതിനർഥമില്ലെന്നും കൂടുതൽ സാംപിളുകൾ ശേഖരിച്ചു പരിശോധിക്കേണ്ടിവരുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എ.സി.മോഹൻദാസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, വൈറസിന്റെ ഉറവിടം കണ്ടെത്താൻ പഠനം തുടരേണ്ടിവരും. 

ലോകത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപെട്ട സ്ഥലങ്ങളിലെല്ലാം വവ്വാലുകളില്‍ നിന്നുമാണ് രോഗബാധയെന്ന് കണ്ടെത്തിയിരുന്നു. പേരാമ്പ്രയിലും  പഴംതീനി വവ്വാലുകളാണ് രോഗം പടര്‍ത്തിയതെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിനോ മൃഗസംരക്ഷണ വകുപ്പിനോ സംശയമില്ല. പക്ഷേ ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്. കോളനികളായി വസിക്കുന്ന വവ്വാലുകളെ പിടികൂടി രക്തത്തില്‍ വൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുണ്ടോയെന്ന് കണ്ടെത്തുകയാണ് സ്ഥിരീകരിക്കാനുള്ള വഴി. ഇതിന് നൂറുകണക്കിന് വവ്വാലുകളുടെ മൂത്രവും രക്തവും പരിശോധിക്കേണ്ടിവരും. മാസങ്ങള്‍ എടുക്കുന്ന നടപടികളാണ് ഇത്.

പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം നാളെ തിരുവനന്തപുരത്ത്  നടക്കും. 200 പേരുടെ  സ്രവ  പരിശോധന ഫലങ്ങളാണ് പുറത്ത് വന്നത്. ഇതില്‍ നിന്നലെ ഫലം ലഭ്യമായ എട്ടുപേര്‍ക്കും രോഗമില്ലെന്ന് കണ്ടെത്തി. ഇരുപത്തിയൊമ്പത് പേര്‍ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുമുണ്ട്. മരിച്ചവരുമായോ , രോഗം സ്ഥിരീകരിച്ചവരുമായോ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  2000 പേര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനാവാതെ  ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്.