ഉമ്മന്‍ ചാണ്ടിയുടെ ‘പേഴ്സനല്‍ അജന്‍ഡ’യെന്ന് കുര്യന്‍; മുരളിയും പ്രതിഷേധപക്ഷത്തേക്ക്

പി.ജെ. കുര്യൻ (ഫയൽ ചിത്രം)

കോട്ടയം∙ രാജ്യസഭാ അടിയറവിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിപ്പുറപ്പെട്ട കലാപം പുതിയ തലങ്ങളിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ അജന്‍ഡയാണു നടന്നതെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നുമുള്ള ഗുരുതര ആരോപണവുമായി പി.ജെ. കുര്യന്‍ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയില്‍ ഉദിച്ച ആശയമാണിതെന്നും വ്യക്തിതാല്‍പര്യവും വ്യക്തിവിരോധവുമാണു നടന്നതെന്നും കുര്യന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമല്ല, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ എടുത്ത തീരുമാനമാണിത്. ഇതേ തീരുമാനം പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച ചെയ്തശേഷം എടുക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ കെ. മുരളീധരനും പ്രതിഷേധ പക്ഷത്തേക്കു തിരിഞ്ഞു. യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ മുരളീധരന്‍ പങ്കെടുക്കില്ല. മറ്റു ചില നേതാക്കളും വിട്ടുനില്‍ക്കുമെന്നാണു സൂചന.

എല്ലാത്തിന്റെയും സൂത്രധാരൻ ഉമ്മൻ ചാണ്ടിയാണ്. ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നും പി.ജെ. കുര്യൻ ആരോപിച്ചു. 2012ലും ഉമ്മൻ ചാണ്ടി തന്നെ വെട്ടാൻ നോക്കി. എന്നാൽ അന്ന് എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും തന്നെ പിന്തുണച്ചു. തന്നെ സ്ഥാനാർഥിയാക്കാനായിരുന്നു ഹൈക്കമാൻഡിനു താൽപര്യം. ഇക്കാര്യം തന്നോടു സൂചിപ്പിച്ചിരുന്നുവെന്നും കുര്യൻ വെളിപ്പെടുത്തി.

കേരള കോൺഗ്രസ് യുഡിഎഫിലേക്കു തിരിച്ചുവരുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. രാജ്യസഭാ സീറ്റ് മാണി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. സീറ്റ് കിട്ടുമെന്ന തോന്നലുണ്ടായതോടെയാണ് അക്കാര്യം അവർ മുന്നോട്ടുവച്ചത്. സീറ്റ് കിട്ടിയാൽ മാത്രമേ അവർ മുന്നണിയിലേക്കു വരികയുള്ളെന്ന് ഹൈക്കമാൻഡിനെ ധരിപ്പിച്ചത് ഉമ്മൻ ചാണ്ടിയാണ്. പലരെയും ഒഴിവാക്കുകയെന്നതും നിലനിർത്തുകയെന്നതും ഉമ്മൻ ചാണ്ടിയുടെ പണ്ടേയുള്ള സ്വഭാവമാണെന്നും പി.ജെ. കുര്യൻ ആരോപിച്ചു.  

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ ഡിസിസി ഓഫിസ് ഉപരോധിക്കുന്നു. ചിത്രം: അരുൺ ജോൺ

രാജ്യസഭാ സീറ്റ് വിവാദത്തിൽ പാർട്ടിയുടെ താഴെത്തട്ടിലും പ്രതിഷേധം പുകയുകയാണ്. രാജ്യസഭാ സീറ്റ് കെഎം.മാണിക്കു വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ചതായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് പറഞ്ഞു.

കോണ്‍ഗ്രസ് ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് ഒ.കെ.ആര്‍. മണികണ്ഠന്‍ രാജി വച്ചു. കോണ്‍ഗ്രസിന്റെ അഭിമാനം പണയപ്പെടുത്തി രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് അടിയറവു വച്ചതില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നു രാവിലെ തൃശൂര്‍ ഡിസിസി ഓഫിസില്‍ പ്രസിഡന്റ് ടി.എന്‍. പ്രതാപനെ നേരിട്ടു കണ്ടു രാജി കൊടുക്കാനായി എത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടര്‍ന്നു രാജി ഇ–മെയില്‍ വഴി നല്‍കിയതായി മണികണ്ഠന്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയില്‍ 10 വര്‍ഷക്കാലം കൗണ്‍സിലറായിരുന്ന മണികണ്ഠന്‍ ഐ ഗ്രൂപ്പ് വിഭാഗം നേതാവാണ്. പ്രമുഖ സഹകാരിയും വ്യാപാര പ്രമുഖനും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ഒ.കെ.ആര്‍. മേനോന്റെ മകനാണ്.