‘ആരോഗ്യ‌മന്ത്രി ഉരുക്ക് വനിത’: ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

കോഴിക്കോട് ∙ ‘ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഒരു രാഷ്ട്രീയക്കാരിയും ഭരണകർത്താവും എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണം.. ദി അയൺ ലേഡി,’ നിപ്പ പ്രതിരോധിക്കാൻ ആരോഗ്യ മന്ത്രി കൈക്കൊണ്ട തീരുമാനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എ.എസ്. അനൂപ് കുമാർ സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പിലാണ് മന്ത്രിയെ ‘ഉരുക്കു വനിത’യായി വിശേഷിപ്പിച്ചിരിക്കുന്നത്.

ഝാൻസി റാണി, നിപ്പയ്ക്കെതിരെ പോരാടിയ സേനാപതി തുടങ്ങിയ വിശേഷണങ്ങളും ഡോ. അനൂപ് ആരോഗ്യ മന്ത്രിക്കു ചാർത്തിക്കൊട‌ുക്കുന്നുണ്ട്. വിഷയങ്ങൾ പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും ‌മന്ത്രിക്കുള്ള അസാമാന്യ കഴിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും രോഗഭീതിയില്ലാതെ പ്രവർത്തിച്ച അവരോട് ലോകം മുഴുവൻ കടപ്പെട്ടിരിക്കുന്നുവെന്നും ഡോ. അനൂപ് കുറിപ്പിൽ പറയുന്നു.

ആരോഗ്യ മന്ത്രിയോടു മാത്രമല്ല, നിപ്പ വൈറസ് പ്രതിരോധിക്കാൻ പിന്തുണ നൽകിയ തൊഴിൽ–എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ, കലക്ടർ യു.വി. ജോസ്,‌ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത ശിവരാമൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.സജിത്ത് എന്നിവർക്കും ഡോ. അനൂപ് നന്ദി അറിയിക്കുന്നു​ണ്ട്. ഓരോരുത്തരുടേയും പേരിൽ പ്രത്യേകം കുറിപ്പുകളായാണ് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വന്തം ജീവൻ പോലും അവഗണിച്ച് നാ‌ട്ടുകാരു‌െട രക്ഷയ്ക്കായി യുദ്ധഭൂമിയിലേക്കിറങ്ങിയ ധീര നേതാവായാണ് മന്ത്രി ടി.പി. രാമകൃഷ്ണനെ ഡോ.അനൂപ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘യുദ്ധമുന്നണിയിലെ ശക്തനായ പ്രതിരോധ മന്ത്രി’ എന്നാണ് കലക്ടർ യു.വി. ജോസിനുള്ള വിശേഷണം. കൂടാതെ, നിപ്പ രോഗികളെ പരിപാലിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങിയ സിസ്റ്റർ ലിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള കുറിപ്പുമുണ്ട്.