കെവിന്റെ ശരീരത്തിൽ 16 മുറിവുകൾ എങ്ങനെ?; പൊലീസ് സർജൻ സംഘം എത്തുന്നു

കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലം (ഫയൽ ചിത്രം)

കോട്ടയം∙ കെവിന്റെ മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു പൊലീസ് സർജന്മാരുടെ സംഘം മൃതദേഹം കാണപ്പെട്ട സ്ഥലം പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തിരുവനന്തപുരത്തു ചേർന്ന ആരോഗ്യ വകുപ്പു മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത പൊലീസ് സർജന്മാരുടെ സംഘം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശകലനം ചെയ്തെങ്കിലും മരണകാരണം സംബന്ധിച്ച അന്തിമ തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ല.

കെവിന്റെ ശരീരത്തിൽ 16 മുറിവുകളും ക്ഷതങ്ങളും ഏറ്റിട്ടുണ്ടെന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഈ ക്ഷതങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാഹചര്യം കെവിന്റെ മൃതദേഹം കണ്ടെത്തിയ തെന്മല ചാലിയക്കര പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടോയെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ ഉദ്ദേശ്യം.

തട്ടിക്കൊണ്ടുപോയ ഗുണ്ടാ സംഘത്തിൽനിന്നു രക്ഷപ്പെടാൻ ഓടിയ കെവിൻ മേയ് 27നു രാവിലെ തെന്മല ചാലിയക്കരയിൽ പുഴയിൽ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്മോർട്ടത്തിലെ സൂചനയും. എന്നാൽ രക്ഷപ്പെടാനുള്ള ഇരുട്ടിലൂടെയുള്ള ഓട്ടത്തിൽ പുഴയിൽ ചാടിയ കെവിൻ മരിച്ചതാണോ അതോ ഗുണ്ടാ സംഘത്തിന്റെ അടിയേറ്റ് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി പുഴയിൽ തള്ളിയതാണോ എന്നും സംശയമുണ്ട്. ഈ സംശയങ്ങൾ തീർക്കുന്നതിനാണ് അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ നേതൃത്വത്തിൽ വിലയിരുത്തൽ നടത്തിയത്.

തെന്മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയവിവാഹത്തിന്റെ പേരിൽ നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹമാണ് ചാലിയക്കരയിൽ പുഴയിൽ കണ്ടെത്തിയത്. ‌ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. കെ. ശ്രീകുമാരി, ആരോഗ്യ വകുപ്പ് ഫൊറൻസിക് മെഡിസിൻ ചീഫ് കൺസൾട്ടന്റ് ഡോ. പി.ബി.ഗുജ്റാൾ, വിവിധ മെഡിക്കൽ കോളജുകളിലെ ഫൊറൻസിക് സർജന്മാരായ ഡോ. രഞ്ചു രവീന്ദ്രൻ, ഡോ. കെ.ശശികല, ഡോ. വി.എൻ.രാജീവ്, ഡോ. സന്തോഷ് ജോയ് എന്നിവർ പോസ്റ്റ്മോർട്ടം വിശകലനം ചെയ്ത യോഗത്തിൽ പങ്കെടുത്തു.

പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ ഹർജി

കൊച്ചി ∙ കെവിൻ വധക്കേസ് പ്രതി ഷാനു ചാക്കോയുടെ പക്കൽനിന്നു പൊലീസ് പട്രോളിങ്ങിനിടെ കൈക്കൂലി വാങ്ങിയെന്ന കേസിൽപെട്ട പൊലീസുകാരുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. എഎസ്ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

മജിസ്ട്രേട്ട് കോടതി കേസ് ഡയറിപോലും പരിശോധിച്ചില്ലെന്നും ജാമ്യം നൽകാൻ അപ്രസക്തമായ കാര്യങ്ങളാണു പരിഗണിച്ചതെന്നും സർക്കാർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസിന്റെ ഗൗരവം മാനിക്കേണ്ടതായിരുന്നു. ജാമ്യം അന്വേഷണ ഏജൻസിക്കു പ്രതികൂലമായി. കേസന്വേഷണം നടക്കുകയാണ്.