കാശെറിഞ്ഞത് ട്രംപിനെ കാണാൻ; കണ്ടുകിട്ടിയത് ലീമസിൻ: സിംഗപ്പൂരെത്തിയ ഇന്ത്യക്കാരന്റെ അനുഭവം

ചർച്ച തുടങ്ങും മുൻപു ഡോണൾഡ് ട്രംപ് പുറത്തെടുത്ത ഐപാഡിലുണ്ടായിരുന്നു ഹോളിവുഡ് സ്റ്റൈലിൽ ഒരു ‘സിനിമ.’ ആണവനിരായുധീകരണം യാഥാർഥ്യമാക്കിയാൽ ഉത്തരകൊറിയയ്ക്കു ശോഭനമായ ഭാവിയുണ്ടാകുമെന്നു പറയുന്നതാണു വിഡിയോ. ട്രംപും കിമ്മും ചിരിക്കുന്ന ദൃശ്യങ്ങളോടെയാണു വിഡിയോ തുടങ്ങുന്നത്. തുടർന്നു കുട്ടികൾ, വ്യവസായശാലകൾ എന്നിവ തെളിയുന്നു – ഭാവിയിലേക്കുള്ള സൂചന.

തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തിരികെ വരുന്നതായി കാണിക്കുന്ന അനിമേഷൻ, സമാധാനമാണു മുന്നോട്ടുള്ള മാർഗമെന്നു സൂചിപ്പിക്കുന്നു. നാലുമിനിറ്റ് നീണ്ട വിഡിയോ കിമ്മും കൊറിയൻ സംഘവും ആകാംക്ഷയോടെയാണു കണ്ടുതീർത്തതെന്നും കിമ്മിന് അതിഷ്ടപ്പെട്ടുവെന്നാണു കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

കാശെറിഞ്ഞത് ട്രംപിനെ കാണാൻ; കണ്ടുകിട്ടിയത് ലീമസിൻ 

സിംഗപ്പുർ∙ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു മഹാരാജ് മോഹന്. അതിനുവേണ്ടിയാണു മലേഷ്യയിൽനിന്നു സിംഗപ്പുരിലെത്തി 38,000 രൂപ കൊടുത്തു ഹോട്ടൽമുറിയെടുത്തത്. ഹോട്ടലിലെത്തിയതു മുതൽ ലോബിയിൽ ചുറ്റിക്കറങ്ങി നിന്നു. പക്ഷേ, കാണാനാഗ്രഹിച്ചയാളെ മാത്രം കണ്ടുകിട്ടിയില്ല. ഇന്ത്യൻ വംശജനായ ഇരുപത്തിയഞ്ചുകാരൻ മോഹനു കാണേണ്ടിയിരുന്നത് സാക്ഷാൽ ഡോണൾഡ് ട്രംപിനെ. സിംഗപ്പൂരിൽ ട്രംപ് താമസിച്ച ഷങ്ഗ്രില ഹോട്ടലിലാണ് അതേദിവസം മോഹനും മുറിയെടുത്തത്. ട്രംപിനെ കാണാൻ കഴിഞ്ഞില്ലെങ്കിലും യുഎസ് പ്രസിഡന്റിന്റെ ലീമസിൻ കാറിനൊപ്പം സെൽഫിയെടുത്തു തൃപ്തിയടഞ്ഞു കക്ഷി.

ഉറങ്ങാനേ പറ്റിയില്ല: ദക്ഷിണ കൊറിയൻ പ്രസിഡന്റ്

ട്രംപ് – കിം ഉച്ചകോടിയെക്കുറിച്ചുള്ള ആകാംക്ഷകൊണ്ടു തിങ്കളാഴ്ച രാത്രി ശരിക്കുറങ്ങാൻ കഴിഞ്ഞില്ലെന്നു ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ. സിംഗപ്പുർ ഉച്ചകോടി യാഥാർഥ്യമാക്കാൻ ഏറെ പണിപ്പെട്ടയാളാണു മൂൺ. കിമ്മുമായും ട്രംപുമായും അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു. സോളിലെ പ്രസിഡന്റിന്റെ ഓഫിസിൽ സിംഗപ്പുർ ഉച്ചകോടിയുടെ തൽസമയ സംപ്രേഷണം ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം കാണുകയും ചെയ്തു.