അർജന്റീന 2, ബ്രസീൽ 1; വാക്പോരിന്റെ കിക്കോഫുമായി മന്ത്രിമാർ

തോമസ് ഐസക്, എം.എം.മണി, കടകംപള്ളി സുരേന്ദ്രൻ. ചിത്രം: ഫെയ്സ്ബുക്

തിരുവനന്തപുരം ∙ ലോകം ഫുട്ബോളിന്‍റെ ആവേശത്തിലമരുമ്പോള്‍ ഇഷ്ട ടീമിനുവേണ്ടി വാക്പോരുമായി മന്ത്രിമാരും രംഗത്തെത്തി. എം.എം.മണിയും കടകംപള്ളി സുരേന്ദ്രനും തുടക്കമിട്ട ആവേശപ്പോരിൽ ഡോ. തോമസ് ഐസക്കും പങ്കാളിയായി. സമൂഹമാധ്യമങ്ങളിൽ മന്ത്രിമാരിട്ട പോസ്റ്റിനു താഴെ ആരാധകർ രസകരമായ കമന്റുകളിട്ടു പ്രോൽസാഹിപ്പിക്കുന്നുണ്ട്. പ്രിയപ്പെട്ട ടീം ഏതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ലോകകപ്പ് ആവേശത്തിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രത്യക്ഷപ്പെട്ടു.

‘ചങ്കിടിപ്പാണ്... അർജന്റീന അന്നും, ഇന്നും, എന്നും’ - കട്ട അര്‍ജന്റീന ഫാനായ മണിയാശാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഫുട്ബാള്‍ തട്ടുന്ന ഫോട്ടോയും എം.എം.മണി പങ്കുവച്ചു. ഒപ്പം ചങ്കിടിപ്പാണ് അര്‍ജന്റീന എന്ന പോസ്റ്ററുമുണ്ട്. ബ്രസീലിന്റെ കടുത്ത ആരാധകനായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി വേഗമെത്തി. ‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്... കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശം... മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം...’ - കടകംപള്ളിയും വിട്ടില്ല. ബ്രസീലിനൊപ്പമെന്ന ഫോട്ടോയാണു കടകംപള്ളി പങ്കുവച്ചത്. പിന്നാലെയെത്തി തോമസ് ഐസക്. ‘ചെഗുവേരയുടെ അർജന്റീന... മെസിയുടെയും.
ടീമല്ല, നിലപാടാണ് അർജന്റീന. ഇസ്രായേലിന്റെ കൊലവെറിയോട് സൗഹൃദമില്ലെന്ന ചങ്കുറപ്പിന്റെ പേര്. തോറ്റാലും ജയിച്ചാലും അർജന്റീനയ്ക്കൊപ്പം’– അർജന്റീനയുടെ ചിത്രമുൾപ്പെടുത്തി തോമസ് ഐസക്കും കുറിപ്പിട്ടു.

പോസ്റ്റുകളോടു രസകരമായാണ് ആളുകൾ പ്രതികരിക്കുന്നത്. ‘കാര്യം ആശാന്‍ ആശാനും ഞാന്‍ ശിഷ്യനുമാണ്. എന്നാലും ഇതിനോടു യോജിക്കാന്‍ കഴിയില്ല, ബ്രസീലിനൊപ്പം. ആശാന്റെ പൂതിയങ്ങു മനസ്സില്‍വച്ചോ’ - മണിയാശാനോടുള്ള ഒരു ബ്രസീല്‍ ആരാധകന്റെ പ്രതികരണം ഇങ്ങനെ. ‘ആശാനെ എനിക്കിഷ്ടമാണ്. പക്ഷേ ബ്രസീലിനെ പിന്തുണയ്ക്കാത്ത ആശാന്‍ രാജിവയ്ക്കണം’ - മറ്റൊരാൾ പറഞ്ഞു. ‘ആശാന്‍ മുത്താണ്. പക്ഷേ കളിക്കിടെ കറണ്ട് പോയാല്‍ കാണാം’ - വൈദ്യുതിമന്ത്രിക്ക് ‘മുന്നറിയിപ്പ്’ കൊടുക്കാനും ചിലർ മറന്നില്ല.

‘എവിടെ ആശാൻ? ആശാനേ ഞങ്ങൾക്കും ഉണ്ട് അങ്ങു മന്ത്രിസഭയിൽ പിടി. കടകംപള്ളി സഖാവിലൂടെ തിരിച്ചടിച്ചുകൊണ്ട് ബ്രസീൽ മുന്നിലേക്ക് ...’ - ഒരു ബ്രസീല്‍ ആരാധകന്‍ കടകംപള്ളിയുടെ പോസ്റ്റിനു താഴെ കുറിച്ചു. മന്ത്രിസഭയില്‍ കടുത്ത വിഭാഗീയതയെന്നാണ് ഒരു രസികന്‍ കമന്റ്. ‘രാഷ്ട്രീയ നിലപാട് ശരിതന്നെ പക്ഷേ കളിയിൽ ബ്രസീലിന് ഒപ്പം’– എന്നായിരുന്നു ഐസക്കിന്റെ പോസ്റ്റിനു താഴെയുള്ള കമന്റ്. ‘സഖാവേ നാട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു വെള്ളയും നീലയും പെയിന്റ് അടിക്കാൻ വകുപ്പുണ്ടോ’ എന്ന് ഐസക്കിനോട് ചോദിച്ചവരുമുണ്ട്. മുഖ്യമന്ത്രിയും ഫുട്ബോളിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തി പോസ്റ്റിട്ടിട്ടുണ്ട്. കൊച്ചുമകന്‍ ഇഷാനോടൊപ്പമുള്ള ചിത്രമാണു മുഖ്യമന്ത്രി പങ്കുവച്ചത്.

മുഖ്യമന്ത്രിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്

കാൽപ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാർവലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ല. ഫുട്‌ബോൾ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടിൽ കോർക്കുന്ന കായിക വിനോദമാണ്. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ല. ഫുട്‌ബോൾ എന്ന ഒറ്റ വികാരത്തിലേക്കു ലോകജനത ഒന്നിച്ചെത്തുന്ന, റഷ്യയിൽ വിശ്വഫുട്ബോൾ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂർത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയിൽ, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും.

ഫുട്‌ബോൾ പ്രേമികൾക്കൊപ്പം, കൊച്ചു മകൻ ഇഷാനോടൊപ്പം .....’. അര്‍ജന്റീനയാണോ ബ്രസീലാണോ എന്നറിഞ്ഞശേഷം ലൈക്കടിക്കാം എന്നായിരുന്നു ഒരു ശ്രദ്ധേയ പ്രതികരണം. എന്നാൽ തന്റെ ഇഷ്ടം മുഖ്യമന്ത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.