കെവിന്റെ ഗതിയാകും: ഒരുമിച്ചു കഴിയാൻ തീരുമാനിച്ചവർക്ക് വധഭീഷണി

യുവാവിന്റെ അമ്മ (ഇടത്), യുവാവും യുവതിയും (വലത്)

ഇടുക്കി ∙ ദുരഭിമാനക്കൊല ഭയന്നു കഴിയുന്ന യുവാവിനും യുവതിക്കും വീണ്ടും ഭീഷണി. സഹോദരിയെ കൊന്നുകളയുമെന്നു യുവതിയുടെ ബന്ധുക്കള്‍ ഇന്നലെയും വധഭീഷണി മുഴക്കിയെന്നു യുവാവിന്‍റെ അമ്മ പറഞ്ഞു. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു ഭീഷണി പുറംലോകമറിഞ്ഞത്. ഇരുവരെയും ഇടുക്കി കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കോട്ടയത്തു ദുരുഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഗതി തനിക്കുമുണ്ടാകുമെന്നാണു പാലക്കാട് ചെർപ്പുളശേരി പൊലീസ് സ്റ്റേഷനിൽനിന്നു യുവാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു ചെർപ്പുളശേരിയിലെത്തിയ തൊടുപുഴ സ്വദേശികളായ യുവാവിനെയും യുവതിയെയും ബന്ധുവാണു പൊലീസ് സ്റ്റേഷനിലെത്തിച്ചത്. യുവാവിന്റെ സുഹൃത്തുക്കള്‍ക്കും വധഭീഷണി ലഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണു തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീടുവിട്ടിറങ്ങിയത്. അഭയംതേടിയെത്തിയത് യുവാവിന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടില്‍. എന്നാല്‍ ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ടും ബന്ധുക്കള്‍ക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവന്‍ ഇരുവരെയും ചെർപ്പുളശേരി പൊലീസിന് കൈമാറി.

പൊലീസ് സ്റ്റേഷനില്‍വച്ച് യുവാവെഴുതിയ ഫെയ്സ്ബുക് പോസ്റ്റിലാണു തനിക്കു വധഭീഷണിയുണ്ടെന്നും പൊലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്. പെൺകുട്ടിക്കു വീട്ടിൽ നിന്നുണ്ടായ പീഡനം സഹിക്കാതെയാണു വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകൾ വളഞ്ഞു. പൊലീസിനെ സ്വാധീനിക്കാൻ ശ്രമമുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു. ഫോണിലൂടെ വധഭീഷണി സന്ദേശം കിട്ടിയതായി യുവാവിന്റെ സുഹൃത്തുക്കളും ആരോപിച്ചു.‌