കേരളത്തിൽ ബിഎസ്എൻഎല്ലിനു സ്വന്തം ഗേറ്റ്‌വേ; ഇനി ഇന്റർനെറ്റിനു കൂടുതൽ വേഗം

ബിഎസ്എൻഎല്ലിന്റെ ഗേറ്റ്‌വേ ജിപിആർഎസ് സെർവിങ് നോഡ് ഉദ്ഘാടനം ചെയ്തപ്പോൾ.

ആലപ്പുഴ∙ മികച്ച ഇന്റർനെറ്റ് വേഗം കേരളത്തിലെ ഉപയോക്താക്കൾക്കു ലഭിക്കുന്നതിനായി ബിഎസ്എൻഎൽ സ്ഥാപിച്ച ജിജിഎസ്എൻ (ഗേറ്റ്‌വേ ജിപിആർഎസ് സെർവിങ് നോഡ്) പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിഎസ്എൻഎല്‍ മൊബൈൽ സേവന വിഭാഗം ഡയറക്ടർ ആർ.കെ. മിത്തൽ, കേരള ചീഫ് ജനറൽ മാനേജർ ഡോ. പി.‍ടി. മാത്യുവിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. ഇന്റർനെറ്റ് ട്രാഫിക് കൈകാര്യം ചെയ്യുന്നതിനു  സ്വന്തമായി ഗേറ്റ്‌വേ ലഭിക്കുന്നതു കേരളത്തിലെ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യും. 

കൊച്ചി പനമ്പിള്ളി നഗറിലാണു ഗേറ്റ്‌വേ സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഴുവൻ ഉപയോക്താക്കൾക്കുമായി ചെന്നൈയിലായിരുന്നു ഇതുവരെ റൗട്ടർ ഗേറ്റ്‌വേ. ഇതു വിഭജിച്ചാണു കൊച്ചിയിൽ ഗേറ്റ്‌വേ സ്ഥാപിച്ചത്. 2 ജി, 3 ജി, 4 ജി നെറ്റ്‌വർക്കുകൾ കൈകാര്യം ചെയ്യാവുന്ന ഗേറ്റ്‌വേയാണിത്. 

ബിഎസ്എൻഎൽ ഡേറ്റ ഉപയോഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണു കേരളം. ദക്ഷിണേന്ത്യയിലെ ഡേറ്റ ട്രാഫിക്കിൽ പകുതിയിലേറെയും ഇതുവഴിയാ‌ണ്. പുതുതായി 4 ജി സൗകര്യം കൂടി വരുമ്പോൾ ട്രാഫിക് ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടുന്നത്. കേരളത്തിനു പുറമെ കർണാടകയുടെ നെറ്റ്‌വർക്ക് കൂടി കൊച്ചിയിലേക്കാകും ബന്ധിപ്പിക്കുക.

കേരളത്തിൽ മൊബൈൽ നെറ്റ്‌വർക്ക് വികസനത്തിൻറെ ഭാഗമായി പുതിയ 2600 മൊബൈൽ ബിടിഎസുകൾ (BTS) ഉൾപ്പടെ 250 കോടി രൂപയുടെ ഉപകരണങ്ങൾ ബിഎസ്എൻഎൽ വിന്യസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. പി.ടി. മാത്യു അറിയിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ മൊബൈൽ കവറേജും ഡേറ്റ വേഗതയും ഏറെ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.