അന്വേഷണം തീരുംവരെ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാർ അവധിയിൽ

ചന്ദ കൊച്ചാർ (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ആരോപണങ്ങളിന്മേലുള്ള ആഭ്യന്തര അന്വേഷണം തീരുന്നതുവരെ ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടിവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറുമായ ചന്ദ കൊച്ചാർ അവധിയിൽ തുടരും. അതുവരെ ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് തലവൻ സന്ദീപ് ബക്ഷി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) ആയി നേതൃചുമതലകൾ വഹിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ബോർഡ് അറിയിച്ചു.

കൊച്ചാർ വാർഷിക അവധിയാണ് എടുത്തതെന്നും നിർബന്ധിത അവധിയിൽ പ്രവേശിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ബാങ്ക് വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. ബാങ്കിനു പുതിയ മേധാവിയെ കണ്ടെത്താൻ കമ്മിറ്റിയെ നിയമിച്ചെന്ന വാർത്തയും ബാങ്ക് നിഷേധിച്ചു. ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നൽകിയതുമായി ബന്ധപ്പെട്ടാണു ചന്ദ കൊച്ചാറിനെതിരെ അന്വേഷണം.