മകനു പേരു കണ്ടെത്താൻ വോട്ടെടുപ്പ്; വിജയി ‘യുവൻ’

നാഗ്പുർ ∙ മകനു പേര് തീരുമാനിക്കാൻ തിരഞ്ഞെടുപ്പു നടത്തി ദമ്പതികൾ. ഏപ്രിൽ അഞ്ചിനു പിറന്ന മകനു പേര് തീരുമാനിക്കാൻ ഈ മാസം 15നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഗ്രാമീണരെയും പങ്കെടുപ്പിച്ചു തിരഞ്ഞെടുപ്പു നടത്തിയത്. ഗോണ്ടിയ ദേവ്റി താലൂക്കിലെ ഗാർമെന്റ് ബിസിനസുകാരനായ മിതുൻ ബാംഗ് (34) സംഘടിപ്പിച്ച തിരഞ്ഞെടുപ്പിൽ മുൻ ലോക്സഭാംഗം നാന പട്ടോളെ അതിഥിയായി പങ്കെടുത്തു.

വിവിധയാളുകൾ നിർദേശിച്ച പേരുകളിൽനിന്നുണ്ടാക്കിയ ചുരുക്കപ്പട്ടികയിലെ യക്ഷ്, യുവൻ, യൗവിക് എന്നീ പേരുകളിലൊന്നു തീരുമാനിക്കാനായിരുന്നു തിരഞ്ഞെടുപ്പ്. 192 പേര്‍ വോട്ട് ചെയ്തു. 92 വോട്ട് നേടി ‘യുവൻ’ വിജയിയായി. ‘ബാലക് നാം ചയൻ ആയോഗ്’ എന്നെഴുതി തൂക്കിയ ബാനറിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലോഗോയെ അനുസ്മരിപ്പിക്കുന്ന ലോഗോയും ഉണ്ടായിരുന്നു.