പ്രശ്നപരിഹാരത്തിന് ലഫ്. ഗവർണറുടെ ഉറപ്പ്: കേജ്‍രിവാൾ സമരം അവസാനിപ്പിച്ചു

അരവിന്ദ് കേജ്‍‌രിവാൾ

ന്യൂഡൽഹി∙ ലഫ്. ഗവർണറുടെ ഓഫിസിൽ ഒരാഴ്ചയിലേറെയായി നടത്തി വന്നിരുന്ന സമരം മുഖ്യമന്ത്രി കേജ്‌രിവാൾ അവസാനിപ്പിച്ചു. ഉദ്യോഗസ്ഥരുമായുള്ള ഭിന്നത പരിഹരിക്കാമെന്ന് ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനെത്തുടർന്നാണു സമരം പിൻവലിച്ചത്.

സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കേജ്‍‌രിവാളിനു കത്തയച്ചിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനും നിർദേശം നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് ഉറപ്പും നൽകി. ഈ സാഹചര്യത്തിലാണു സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

കേജ്‌രിവാളിന്റെ സമരത്തിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ വീടോ ഓഫിസോ കയ്യേറി സമരം ചെയ്യാനാകില്ലെന്ന കോടതി പരാമര്‍ശം പാര്‍ട്ടിക്കു തിരിച്ചടിയായി. ആറു ദിവസമായി നിരാഹാരം തുടരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.