ഇത് ഷുജാത് ബുഖാരിക്കു വേണ്ടി; ഒരൊറ്റ അക്ഷരം പോലുമില്ലാതെ കശ്മീർ പത്രങ്ങളുടെ ‘സന്ദേശം’

എഡിറ്റോറിയൽ ഒഴിച്ചിട്ട് പ്രസിദ്ധീകരിച്ച കശ്മീരിലെ പത്രങ്ങൾ.

ന്യൂഡൽഹി∙ ഞങ്ങളുടെ കൈകൾ കെട്ടിയിട്ട നിലയിലാണ്, പിന്നെ എങ്ങനെ അഭിപ്രായം എഴുതാനാകും?– ഇത്തരമൊരു ചോദ്യമാണ് ഇന്നു കശ്മീരിലെ എല്ലാ പ്രധാന പത്രങ്ങളും വായനക്കാർക്കു മുന്നിലുന്നയിച്ചത്. കൈകൾ കെട്ടിയവരിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യവും രാഷ്ട്രീയ നേതൃത്വത്തിനും സുരക്ഷാ വിഭാഗത്തിനുമായി ആ പത്രങ്ങളിലെല്ലാം ഉണ്ടായിരുന്നു.

പക്ഷേ ഒരൊറ്റ അക്ഷരം പോലും അക്കാര്യം ആവശ്യപ്പെട്ട് പത്രങ്ങളിൽ അച്ചടിച്ചിരു ന്നില്ലെന്നു മാത്രം. പകരം അവർ തങ്ങളുടെ എഡിറ്റോറിയലിനുള്ള സ്ഥലം ഒഴിച്ചിട്ടു. നിശബ്ദത ഒരായിരം മടങ്ങ് ഇരട്ടി ശബ്ദത്തിൽ പ്രതിഷേധിക്കുന്നതായിരുന്നു ആ കാഴ്ച. 

കശ്മീരിലെ മുതിർന്ന പത്രപ്രവർത്തകൻ ഷുജാത് ബുഖാരിയും രണ്ട് അംഗരക്ഷകരും വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിഷേധിച്ചായിരുന്നു താഴ്‌വരയിലെ പ്രധാന പത്രങ്ങളെല്ലാം എഡിറ്റോറിയൽ എഴുതാതെ പ്രസിദ്ധീകരിച്ചത്. പകരം എഡിറ്റോറിയലിനുള്ള സ്ഥലം ഒഴിച്ചിട്ടു. അവിടെ വെളുത്ത നിറം മാത്രം.

ഏകദേശം 11 പത്രങ്ങൾ ‘സമര’ത്തിൽ പങ്കെടുത്തു. ഉറുദു, ഇംഗ്ലിഷ് പത്രങ്ങൾ ഒരുമിച്ച് എഡിറ്റോറിയൽ ഉപേക്ഷിച്ചുള്ള പ്രതിഷേധം താഴ്‌വരയില്‍ ഇതാദ്യമായാണെന്നാണു റിപ്പോർട്ടുകൾ. കശ്മീർ എഡിറ്റേഴ്സ് ഗിൽഡാണ് ഇത്തരമൊരു സംയുക്ത തീരുമാനത്തിനു പിന്നിലെന്നാണു റിപ്പോർട്ടുകൾ. ബുഖാരി ആരംഭിച്ച ‘റൈസിങ് കശ്മീർ’ പത്രവും എഡിറ്റോറിയൽ ഇല്ലാതെയാണു പ്രസിദ്ധീകരിച്ചത്.

കശ്മീർ റീഡർ, ഗ്രേറ്റര്‍ കശ്മീർ, കശ്മീർ ടൈംസ്, കശ്മീർ ഒബ്സര്‍വർ തുടങ്ങിയ മുൻനിര പത്രങ്ങളെല്ലാം പിന്തുണയുമായെത്തി. പത്രം ഒരു ദിവസം അച്ചടിക്കാതെ പ്രതിഷേധിക്കാനും എഡിറ്റേഴ്സ് ഗിൽഡ് തീരുമാനിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തും അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ 14 നാണു ബുഖാരി വെടിയേറ്റു കൊല്ലപ്പെട്ടത്.