റോഡിൽ മാലിന്യം: അനുഷ്ക ശകാരിച്ചത് ഷാറൂഖിന്റെ ‘അനന്തരവനെ’

അർഹാൻ സിങ്. ചിത്രം: ട്വിറ്റർ

മുംബൈ∙ കാറിൽനിന്ന് വഴിയിലേക്കു മാലിന്യമെറിഞ്ഞയാളെ ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ ശാസിക്കുന്ന വിഡിയോയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലെ ചർച്ച. ശാസന കിട്ടിയ ചെറുപ്പക്കാരൻ അർഹാൻ സിങും അമ്മയും അതിനു മറുപടിയുമായി വന്നതോടെ സംഗതിക്ക് ഒരു വിവാദസ്വഭാവമുണ്ടാകുകയും ചെയ്തു. പതിവുപോലെ ഈ വിഷയത്തിലും സമൂഹമാധ്യമങ്ങളിൽ ചേരിതിരിഞ്ഞ് തർക്കവുമായി.

എന്നാൽ ഇപ്പോൾ സണ്ണി എന്ന അർഹാൻ സിങ്ങിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനൊപ്പം സിനിമയിൽ അഭിനയിച്ച ആളാണ് അർഹാൻ. കിങ് ഖാന്റെ കൂടെ മാത്രമല്ല, മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ തുടങ്ങിയ പ്രമുഖരോടൊപ്പവും അർഹാൻ സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.

1996–ൽ പുറത്തിറങ്ങിയ, ഷാറൂഖ് ഖാൻ നായകനായ ‘ഇംഗ്ലീഷ് ബാബു ദേശി മേം’ എന്ന ചിത്രത്തിലാണ് അർഹാൻ അദ്ദേഹത്തിന്റെ അനന്തരവനായി വേഷമിട്ടത്. 1995–ൽ പുറത്തിറങ്ങിയ ‘രാജാ’ എന്ന ചിത്രത്തിൽ സഞ്ജയ് കപൂറിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതും അർഹാനായിരുന്നു. ഷാഹിദ് കപൂറിന്റെ സുഹൃത്തായി 2010–ൽ ‘പാഠശാല’യിലാണ് അർഹാൻ അവസാനം വേഷമിട്ടത്.

ഷാറൂഖ് നായകനായ ‘റബ്നേ ബനാ ദി ജോഡി’യിലൂടെയാണ് അനുഷ്ക ശർമ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് എന്നതും കൗതുകം. അർഹാന്റെ ബോളിവുഡ് വിശേഷങ്ങൾ പുറത്തു വന്നതോടെ രണ്ടു ബോളിവുഡ് താരങ്ങൾ തമ്മിലുള്ള പോരായി ഇതു മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.