മേരികോം, നിങ്ങളാണ് പ്രിയങ്ക ചോപ്രയേക്കാൾ സുന്ദരി!: ജസ്റ്റിസ് സിറിയക് ജോസഫ്

മേരി കോം

തൃശൂർ∙ അഞ്ചുവട്ടം ലോകചാംപ്യനായ ബോക്സിങ് ഇതിഹാസം എം.സി. മേരികോമിനെ മുന്നിലിരുത്തി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു, ‘മേരികോമിനെ ആദ്യമായാണു ഞാൻ കാണുന്നത്. പക്ഷേ, അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ മുൻപു കണ്ടിട്ടുണ്ട്. പ്രിയങ്ക ചോപ്രയാണു മേരികോം ആയി സിനിമയിൽ അഭിനയിച്ചത്. പക്ഷേ എനിക്കു തോന്നുന്നു, മേരികോം ആണ് പ്രിയങ്ക ചോപ്രയേക്കാൾ സുന്ദരിയെന്ന്’- മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഏർപ്പെടുത്തിയ വി.സി. പദ്മനാഭൻ സ്മാരക പുരസ്കാര സമർപ്പണ വേദിയിലായിരുന്നു മേരികോമിനെ ജസ്റ്റിസ് സിറിയക് ജോസഫ് നല്ലവാക്കുകൾ കൊണ്ടുമൂടിയത്.

തന്റെ സ്വപ്നങ്ങൾ പൂർത്തിയായിട്ടില്ലെന്നും ഒളിംപിക്സിൽ രാജ്യത്തിനായി സ്വർണ മെഡൽ നേടുകയാണു ലക്ഷ്യമെന്നും മേരികോം മറുപടി പ്രസംഗത്തിൽ പറഞ്ഞു. മേരികോമിന്റെ വാക്കുകൾ ഇങ്ങനെ: ‘വനിതയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ ബോക്സിങ് കരിയറിൽ ഒരുപാടു വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു വനിതയ്ക്കു ബോക്സിങ്ങിൽ നേട്ടങ്ങളുണ്ടാക്കുക എന്നത് എളുപ്പമല്ല.

പുരുഷന്മാരുടെ മത്സരമാണു ബോക്സിങ് എന്നതിനാൽ പല വെല്ലുവ‍ിളികൾ നേരിടേണ്ടിവന്നു. പക്ഷേ, പുരുഷന്മാർക്ക് ആവാമെങ്കിൽ എന്തുകൊണ്ടു സ്ത്രീകൾക്കു കഴിയില്ല എന്നാണു ഞാൻ ചിന്തിച്ചത്. ആ ചിന്താഗതി ശരിയാണെന്ന് എനിക്കു തെളിയിക്കാനായി. എന്റെ സ്വപ്നങ്ങൾ പൂർത്തിയായിട്ടില്ല. ഒളിംപിക്സിൽ സ്വർണമാണ് എന്റെ ലക്ഷ്യം. എന്റെ രാജ്യത്തിനായി ആ നേട്ടം കൈവരിക്കാൻ പരിശീലനം കഠിനമായി തുടരുന്നു. ഒളിംപിക്സ് യോഗ്യത നേടാനാണ് ശ്രമം. എനിക്കുവേണ്ടി പ്രാർഥിക്കണം.’– മേരികോം പറഞ്ഞു.