അധികാരത്തിനല്ല സഖ്യമുണ്ടാക്കിയത്, ബിജെപി പിന്മാറ്റം ഞെട്ടിച്ചില്ലെന്നും മെഹ്ബൂബ

മെഹ്ബൂബ മുഫ്തി വാർത്താസമ്മേളനത്തിൽ.

കശ്മീർ∙ രാജിക്കത്ത് ഗവർണർക്കു നൽകിയതിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അധികാരത്തിനു വേണ്ടിയല്ല ബിജെപിയുമായി സഖ്യമുണ്ടാക്കിയത്, ജനങ്ങൾക്കു വേണ്ടിയാണ്. അതിനാൽത്തന്നെ ബിജെപി തീരുമാനം ഞെട്ടലുണ്ടാക്കിയില്ല– മെഹ്ബൂബ പറഞ്ഞു.

സംസ്ഥാനത്തു ‘പേശീബലം’ കൊണ്ട് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്ന തരം നയങ്ങൾ ഒരുകാലത്തും പ്രോത്സാഹിപ്പിക്കില്ല. മറ്റൊരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നു ഗവർണറോടു വ്യക്തമാക്കിയിട്ടുണ്ടെന്നും രാജിക്കത്തു നൽകിയതിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മെഹ്ബൂബ പറഞ്ഞു.

ബിജെപി വലിയ സ്വാധീനമുള്ള പാർട്ടിയാണ്. നരേന്ദ്ര മോദി വൻ ജനപിന്തുണയോടെയാണ് അധികാരത്തിലേറിയത്. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് ബിജെപിയുമായി പിഡിപി സഖ്യമുണ്ടാക്കിയത്. കശ്മീരിലെ ജനങ്ങളെ ബുദ്ധിമുട്ടുകളിൽ നിന്നു രക്ഷിക്കാൻ വേണ്ടിയിട്ടായിരുന്നു കേന്ദ്രത്തിൽ ഭരണമുള്ള പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്.

എന്നും യോജിപ്പിന്റെ മാർഗമാണു പാർട്ടി തിരഞ്ഞെടുത്തിരുന്നത്. കായികമായും പേശീബലം കൊണ്ടും സമാധാനം തേടുന്ന സുരക്ഷാ നയം ജമ്മു കശ്മീരിൽ പ്രാവർത്തികമാകില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്തു പ്രശ്നമാണെങ്കിലും യോജിപ്പിന്റെ പാത തിരഞ്ഞെടുക്കാനാണു പിഡിപിക്കു താൽപര്യം.

അധികാരത്തിനു വേണ്ടിയല്ല ബിജെപിയുമായി സഖ്യമുണ്ടാക്കിയത്, ജനങ്ങൾക്കു വേണ്ടിയാണ്. അതിനാൽത്തന്നെ ബിജെപി തീരുമാനം ഞെട്ടലുണ്ടാക്കിയില്ല. അതിർത്തിയിൽ ഏകപക്ഷീയമായ വെടിനിർത്തലായിരുന്നു ഈ സഖ്യത്തിലൂടെ ലക്ഷ്യമിട്ടത്. പാക്കിസ്ഥാനിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനവും ലക്ഷ്യമായിരുന്നു.

സംസ്ഥാനത്തെ 11,000 ചെറുപ്പക്കാർക്കെതിരെയുള്ള കേസ് നീക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളും സഖ്യത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. കശ്മീരിൽ സമാധാനത്തിനു വേണ്ടി ശ്രമങ്ങൾ തുടരുമെന്നും മെഹ്ബൂബ പറഞ്ഞു.