ചങ്കായ അധ്യാപകനെ വിടാതെ വിദ്യാർഥികൾ; സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു- വിഡിയോ

അധ്യപകനെ സ്നേഹത്തോടെ തടഞ്ഞുവച്ച വിദ്യാർഥികൾ.

തിരുവള്ളൂർ∙ അധ്യാപക – വിദ്യാര്‍ഥി സ്നേഹത്തിന്‍റെ അത്യപൂര്‍വമായൊരു കാഴ്ചയാണിത്. തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ സ്കൂളിനു പുറത്തുവിടാതെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ഗേറ്റ് ഉപരോധിച്ചും പൊട്ടിക്കരഞ്ഞും അവര്‍ ഗുരുനാഥനെ ചേര്‍ത്തുപിടിച്ച് ക്ലാസ് മുറിയിലേക്കു തിരികെ എത്തിച്ചു. സമരത്തെ തുടര്‍ന്നു സ്ഥലംമാറ്റ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. 

അധ്യാപകന്‍ സ്ഥലം മാറിപോകാൻ തുടങ്ങുമ്പോൾ വിദ്യാര്‍ഥികൾ തടയുകയായിരുന്നു. തിരുവള്ളൂരിലെ വെള്ളിങ്ങരം സര്‍ക്കാര്‍ സ്കൂളിലെയാണ് ഈ കാഴ്ച. ഇരുപത്തിയെട്ടുകാരനായ ഭഗവാന്‍ 2014 ലാണ് ഇംഗ്ലിഷ് അധ്യാപകനായി എത്തുന്നത്. അതുവരെ പഠനത്തില്‍ പിന്നോട്ടായിരുന്ന സ്കൂള്‍ ഭഗവാന്‍ എന്ന യുവ അധ്യാപകന്‍റെ പ്രവര്‍ത്തനങ്ങളിലൂടെ മുന്നിലെത്തി. 2014 മുതല്‍ എസ്എസ്എല്‍സി പരീക്ഷയിലടക്കം ആരും ഇംഗ്ലിഷില്‍ പരാജയപ്പെട്ടില്ല.

ഗുരുനാഥന്‍ മാത്രമല്ല, ജ്യേഷ്ഠനും സുഹ‍ൃത്തും രക്ഷിതാവുമൊക്കെയാണു വിദ്യാര്‍ഥികള്‍ക്കു ഭഗവാന്‍. ആ സ്നേഹമാണു പ്രതിഷേധത്തിലൂടെ അവര്‍ പ്രകടിപ്പിച്ചത്. സ്കൂളിനു പുറത്തേക്കു പോകാന്‍ സമ്മതിക്കാതെ വിദ്യാര്‍ഥികള്‍ അധ്യാപകനെ ചേര്‍ത്തുപിടിച്ചു. ക്ലാസ് മുറിയിലേക്കു തിരികെ കൊണ്ടുവന്നു. വിദ്യാര്‍ഥി സ്നേഹത്തിനു മുന്നില്‍ ഗുരുനാഥൻ പൊട്ടിക്കരഞ്ഞു. സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം വിദ്യാഭ്യാസവകുപ്പ് അംഗീകരിക്കാനാണു സാധ്യത.