പറഞ്ഞ സമയത്തിനകം ഫ്‌ളാറ്റും വില്ലയും നിര്‍മിച്ചില്ലെങ്കില്‍ വന്‍ പിഴയും പലിശയും

തിരുവനന്തപുരം ∙ ഫ്ലാറ്റുകളും വില്ലകളും പറഞ്ഞ സമയത്തിനകം നിർമിച്ചില്ലെങ്കിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം 12% വാർഷികപലിശ ചേർത്തു നൽകാൻ വ്യവസ്ഥ പ്രാബല്യത്തിൽ. ഇത്തരം പദ്ധതികളിൽ തട്ടിപ്പു നടത്തിയാൽ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽനിന്ന് ആകെ പദ്ധതിത്തുകയുടെ 10% വരെ സർക്കാർ പിഴയും ഈടാക്കും. റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമപ്രകാരം സംസ്ഥാന സർക്കാർ തയാറാക്കിയ ചട്ടങ്ങളിലാണു നിക്ഷേപകർക്ക് അനുകൂലമായ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് രംഗം പൂർണമായും സുതാര്യമാക്കുകയാണു ലക്ഷ്യം.  

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടുവന്നെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞ ജൂലൈയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റേറ) നിയമം പാസാക്കിയതോടെ സംസ്ഥാന നിയമം പിൻവലിച്ചു. ഇപ്പോൾ കേരളം പ്രവർത്തനച്ചട്ടം തയാറാക്കിയതിനാൽ തദ്ദേശസ്വയംഭരണ വകുപ്പു സെക്രട്ടറി അധ്യക്ഷനായ അതോറിറ്റിക്ക് ഇനി ഫലപ്രദമായി പ്രവർത്തിക്കാം. കരാർ പ്രകാരം നിർമാണം പൂർത്തിയാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ആയിരക്കണക്കിനു പരാതികളാണു നിലവിലുള്ളത്. ഇത്തരം പരാതികൾ ഇനി 100 രൂപ ഫീസോടെ ‘റേറ’യ്ക്കു നൽകാം.

നിർമാണം തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ ബാധകം

∙ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയിൽ (റേറ) റജിസ്റ്റർ ചെയ്യാതെ സംസ്ഥാനത്തു റിയൽ എസ്റ്റേറ്റ് കച്ചവടം പാടില്ല. 

∙ കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണു റിയൽ എസ്റ്റേറ്റ് പ്രമോട്ടർമാർ റജിസ്ട്രേഷന് അപേക്ഷിക്കേണ്ടത്. നിർമാണം ആരംഭിച്ചുകഴിഞ്ഞവരും റജിസ്ട്രേഷൻ എടുക്കണം. 

∙ റിയൽ എസ്റ്റേറ്റ് ‌പ്രമോട്ടറുടെയും പങ്കാളികളുടെയും ഫോട്ടോയും മേൽ‌വിലാസവും സഹിതമുള്ള വിവരങ്ങൾ, കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികളുടെ പട്ടിക, നേരിട്ട നിയമനടപടികൾ, പദ്ധതി രൂപരേഖ, അഗ്നിശമന/ പരിസ്ഥിതി/ കെട്ടിടനിർമാണ അനുമതികൾ, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങിയവ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. 

∙ കെട്ടിടം ബുക്ക് ചെയ്തവർക്ക് റിയൽ എസ്റ്റേറ്റ് സ്ഥാപനം പണം തിരികെനൽകേണ്ടി വന്നാൽ അതിനു 45 ദിവസത്തെ സാവകാശമേ ലഭിക്കൂ. ‌‌‌

∙ പരാതികളിൽ അതോറിറ്റി ഹിയറിങ് നടത്തി തീർപ്പു കൽപിക്കും. ആവശ്യമെങ്കിൽ നേരിട്ട് അന്വേഷിക്കും. 

∙ ശിക്ഷാ നടപടി നേരിടുന്ന എല്ലാ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിവരം അതോറിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 

ഏജന്റുമാർ‌ക്ക്  റജിസ്ട്രേഷൻ; ഫീസ് 25,000

തിരുവനന്തപുരം ∙ ഭൂമി വാങ്ങി പ്ലോട്ടുകളാക്കി മറിച്ചുവിൽക്കുന്ന ഏജന്റുമാർ‌ ഇനി 25,000 രൂപ നൽകി റജിസ്ട്രേഷൻ എടുക്കണം. പുതുക്കാനുള്ള ഫീസ് 5000 രൂപ. വാങ്ങിയ ഭൂമി അതേപടി വിൽക്കുന്നവർക്കു റജിസ്ട്രേഷൻ വേണ്ട. പരമ്പരാഗതമായി കിട്ടിയ ഭൂമി പ്ലോട്ടുകളാക്കി വിൽക്കുന്നവർക്കും പ്രശ്നമില്ല. ഏജന്റുമാരും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഒറ്റത്തവണ റജിസ്ട്രേഷൻ എടുക്കുന്നതിനു പുറമേ ഓരോ പദ്ധതിയും അതോറിറ്റിയിൽ വെവ്വേറെ റജിസ്റ്റർ ചെയ്യുകയും വേണം. 

ഫ്ലാറ്റ്, വില്ല: കമ്പനിക്ക് പിന്മാറാം, 30 ദിവസത്തിനകമെങ്കിൽ

തിരുവനന്തപുരം ∙ ഫ്ലാറ്റ്, വില്ല പദ്ധതി റജിസ്റ്റർ ചെയ്തു 30 ദിവസത്തിനകം വേണ്ടെന്നു വച്ചാൽ കൈകാര്യച്ചെലവ് ഈടാക്കി ബാക്കി റജിസ്ട്രേഷൻ ഫീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിനു തിരികെ നൽകാനും റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റേറ) നിയമപ്രകാരം സംസ്ഥാനം രൂപീകരിച്ച ചട്ടങ്ങളിൽ വ്യവസ്ഥ. 50,000 രൂപയോ 10 ശതമാനമോ, ഏതാണോ കൂടുതൽ, ആ തുകയാകും കൈകാര്യച്ചെലവായി ഇൗടാക്കുക. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കുള്ള വിവിധ ഫീസുകളും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

∙ ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസ് രണ്ടു ലക്ഷം രൂപ; പുതുക്കാൻ 50,000 രൂപ.  

∙ ഓരോ പദ്ധതിക്കുമുള്ള ഫീസ്: പ്ലോട്ടുകളായി വിൽക്കുമ്പോൾ ചതുരശ്ര മീറ്ററിനു 10 രൂപ

∙ നിർമാണം ആരംഭിച്ചുകഴിഞ്ഞ ഫ്ലാറ്റുകൾക്കും വില്ലകൾക്കും: ചതുരശ്ര മീറ്ററിന് 25 രൂപ വീതം 

∙ ആരംഭിക്കാനിരിക്കുന്ന ഫ്ലാറ്റുകൾക്കും വില്ലകൾക്കും: ചതുരശ്ര മീറ്ററിന് 50 രൂപ

∙ വാണിജ്യ കെട്ടിടങ്ങൾക്ക്: ചതുരശ്ര മീറ്ററിന് 100 രൂപ.