സ്റ്റോപ്പ് അനുവദിച്ചില്ല, അന്ത്യോദയ എക്സ്പ്രസിന്റെ ചങ്ങല വലിച്ച് എംഎൽഎ; കേസ്

അന്ത്യോദയ എക്സ്പ്രസ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ചങ്ങല വലിച്ചു നിർത്തിയപ്പോൾ(ഇടത്) ലീഗിന്റെ നേതൃത്വത്തിൽ ട്രാക്കിലിരുന്നു നടത്തിയ പ്രതിഷേധം (വലത്)

കാസർകോട്∙ ജില്ലയിൽ ട്രെയിനിനു സ്റ്റോപ് തന്നില്ലെങ്കിൽ ജനപ്രതിനിധി എന്ന നിലയിൽ ഇടപെടണ്ടേ? അത്രയേ എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും ചെയ്തുള്ളൂ. സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ അപായച്ചങ്ങല വലിച്ച് അന്ത്യോദായ എക്സ്പ്രസ് നിർത്തിച്ചു. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) എംഎൽഎക്കെതിരെ റെയിൽവേ നിയമം 141–ാം വകുപ്പ്  ചുമത്തി  കേസെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. 

നിയമസഭാ സമ്മേളനം  കഴിഞ്ഞു തിരുവനന്തപുരത്തു നിന്ന് അതേ ട്രെയിനിൽ  കാസർകോട്ടേക്കു വരികയായിരുന്ന എംഎൽഎ ട്രെയിൻ കാസർകോട് സ്റ്റേഷനിലെത്തുന്നതിനു 100 മീറ്റർ മുൻപാണ് എൻജിനിൽ നിന്ന് ഒൻപതാമത്തെ കോച്ചിലെ അപായച്ചങ്ങല വലിച്ചത്. പ്ലാറ്റ്ഫോമിൽ എത്തുന്നതിനു മുൻപേ ട്രെയിൻ നിന്നു.

കാസർകോട് റെയിൽവേ സ്റ്റേഷനിലൂടെ ഇരു ഭാഗത്തേക്കുമായി  ഓടുന്ന 12 ട്രെയിനുകൾക്കു കണ്ണൂരിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും കാസർകോട്ട്  അനുവദിക്കാത്തതിനെതിരെ അന്ത്യോദയ എക്സ്പ്രസ് സ്റ്റേഷനിൽ തടയുന്നതിനായി മുസ്‍ലിം ലീഗ് പ്രവർത്തകർ എത്തിയിരുന്നു. ഇതിനിടെയാണ് എംഎൽഎ ഉള്ളിലിരുന്നു ചങ്ങല വലിച്ചത്. ട്രെയിൻ നിന്ന ശേഷം പ്രവർത്തകർ ട്രാക്കിലിരുന്നു മുദ്രാവാക്യം വിളിച്ചു. വേഗത്തിൽ പാഞ്ഞുപോകുന്ന ട്രെയിൻ നിർത്താൻ പ്രവർത്തകർക്കു സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് എംഎൽഎ ചങ്ങല വലിച്ചത്.

8.03നു നിന്ന ട്രെയിൻ 8.22നാണ് യാത്ര തുടർന്നത്. അനാവശ്യമായി അപായച്ചങ്ങല വലിച്ചാൽ പിഴയും ഇത് അടച്ചില്ലെങ്കിൽ തടവുശിക്ഷയുമുണ്ട്. മംഗളൂരുവിൽ നിന്ന് ആർപിഎഫ് സർക്കിൾ ഇൻസ്പെക്ടർ പി.ഫിറോസ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി എംഎൽഎയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. 

പ്രതിഷേധ സമരത്തിനു മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, പി.ബി. അബ്ദുൾ റസാഖ് എംഎൽഎ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, നഗരസഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ, എ.അഹ്മദ് ഹാജി, മാഹിൻ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാൽ, വി.എം മുനീർ, ബി.കെ സമദ്, ബദ്റുദ്ധീൻ താസിം, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ്മാൻ, അൻവർ ഓസോൺ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ് മഹ്മൂദ് കുളങ്കര, സഹീർ ആസിഫ്,റഹൂഫ് ബാവിക്കര, മുത്തലിബ് പാറക്കെട്ട്, അസ്ഹർ എതൃത്തോട്, നവാസ് കുഞ്ചാർ, സി.എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീർ, ഹമീദ് ബെദിര, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുൾ റഹ്മാൻ, ഇഖ്ബാൽ ചൂരി, റഹ്മാൻ തൊട്ടാൻ, അജ്മൽ തളങ്കര, മുജീബ് കമ്പാർ, ഹാരിസ് ബെദിര, അസ്കർ ചൂരി തുടങ്ങിയവർ നേതൃത്വം നൽകി.