ആ വിഡിയോ തിരിച്ചടിച്ചു; അനുഷ്കയ്ക്കും വിരാടിനും എതിരെ വക്കീൽ നോട്ടിസ്

അർഹാൻ സിങ്ങുമായി റോഡിൽ സംസാരിക്കുന്ന അനുഷ്ക ശർമ (കോഹ്‌ലി ട്വീറ്റ് ചെയ്ത വിഡിയോ)

മുംബൈ∙ റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും എതിരെ വക്കീൽ നോട്ടിസ്. മുംബൈ സ്വദേശി അർഹാൻ സിങ്ങാണ് അനുഷ്കയ്ക്കും വിരാടിനും വക്കീൽ നോട്ടിസയച്ചത്. സമൂഹമാധ്യമത്തിൽ അപമാനിച്ചതിന്റെ പേരിലാണു നോട്ടിസയച്ചതെന്ന് അർഹാൻ പറഞ്ഞു. തുടർ നടപടിക്കായി ഇരുവരുടെയും മറുപടി കാത്തിരിക്കുകയാണെന്നും അർഹാൻ വ്യക്തമാക്കി.

Read: ആ ലക്ഷ്വറി കാറിന്റെ ജനൽ തുറന്നു കണ്ടപ്പോൾ ‘ഞെട്ടിപ്പോയി’

കഴിഞ്ഞയാഴ്ചയാണു നിയമ നടപടിക്ക് ആസ്പദമായ വിഡിയോ വിരാട് ഷെയർ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്ക ശകാരിക്കുന്നതായിരുന്നു വിഡിയോ. 17 സെക്കൻഡ് മാത്രമുള്ള വിഡിയോയിൽ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിൻ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്. അറിയാതെ തന്റെ വാഹനത്തിൽ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നതിനേക്കാൾ അധികം മാലിന്യമാണ് അനുഷ്കയുടെ വായിൽ നിന്നു വന്നതെന്നായിരുന്നു സംഭവത്തിൽ അർഹാന്റെ പ്രതികണം.

ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ വിരാടിനും അനുഷ്കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു. അതേസമയം ബോളിവുഡ് ലോകം ഒന്നടങ്കം അനുഷ്കയ്ക്ക് ഒപ്പമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്ക.