പ്രേമാഭ്യർഥന നിരസിച്ചു; പതിനെട്ടുകാരിയെ യുവാവ് കുത്തിക്കൊന്നു

നോയിഡ ∙ പ്രേമാഭ്യർഥന നിരസിച്ചതിനു യുവാവ് പതിനെട്ടുകാരിയെ കുത്തിക്കൊന്നു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ ഷോപ്പിങ് മാളിലാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം കുത്തി മരിക്കാൻ ശ്രമിച്ച കുൽദീപ് സിങ്ങിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുൽദീപ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പെൺകുട്ടിയോട് പ്രേമാഭ്യർഥന നടത്തിയിരുന്നതായി പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിനു മൊഴി നൽകി.

വെള്ളിയാഴ്ച വൈകിട്ടു പെൺകുട്ടി ജോലി ചെയ്യുന്ന മാളിലെത്തിയ കുൽദീപ് ശുചിമുറിയിലേക്കു പോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ, പൊലീസ് എത്തിയതു കണ്ട് സ്വയം കുത്തി മരിക്കാൻ ശ്രമിച്ചു. യുപിയിലെ ദാദ്രി സ്വദേശികളാണ് ഇരുവരും. കുൽദീപ് സിങിനെതിരെ കൊലപാതകക്കുറ്റത്തിനു കേസ് എടുത്തതായി പൊലീസ് അറിയിച്ചു.