അക്കില്ലസ് പൂച്ച പറയുന്നു: അർജന്റീന നൈജീരിയയോട് തോൽക്കും

മോസ്കോ∙ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള അർജന്റീനയ്ക്കു മുന്നിലുള്ളത് ഒരു കളി മാത്രം. ജീവന്മരണ പോരാട്ടത്തിൽ നൈജീരിയയോടു ജയിക്കുമോ മെസിയുടെ അർജന്റീന? ഈ ജയം മാത്രം പോര, ക്രൊയേഷ്യ ഐസ്‌ലൻഡിനെ തോൽപിക്കുകകൂടി വേണം അർജന്റീനയ്ക്കു മുന്നോട്ടുള്ള യാത്രയ്ക്ക്. ലോകമെമ്പാടുമുള്ള ആരാധകർ ശ്വാസമടക്കിപ്പിടിച്ചു കാത്തിരിക്കുമ്പോൾ കളിയുടെ ഫലം പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് അക്കില്ലസ് പൂച്ച. നിര്‍ണായക മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ കളത്തിലിറങ്ങുന്ന അര്‍ജന്റീന പരാജയപ്പെടുമെന്നാണു പൂച്ചയുടെ പ്രവചനം.

ഇതുവരെ നേരിട്ട ഐസ്‍ലൻഡ്, ക്രൊയേഷ്യ ടീമുകളെപ്പോലെയുമല്ല നൈജീരിയയെന്ന് അർജന്റീനയ്ക്കറിയാം. വേഗവും കരുത്തും കൂടുതലുള്ള നൈജീരിയയെ നേരിടാൻ കോച്ച് സാംപോളിയുടെ നേതൃത്വത്തിൽ ലയണൽ മെസ്സിയും കൂട്ടരും എന്തെല്ലാം അടവുകളാണ് പുറത്തെടുക്കുന്നതെന്നു കാത്തിരുന്നു കാണണം. സൗദി അറേബ്യയേയും ഈജിപ്‌തിനേയും റഷ്യ തോല്‍പ്പിക്കുമെന്നും ബ്രസീൽ കോസ്റ്റ റിക്കയെയും ഇറാന്‍ മൊറോക്കയേയും തോല്‍പ്പിക്കുമെന്നും കൃത്യമായി അക്കില്ലസ് പ്രവചിച്ചിരുന്നു. ഇതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.