താരസംഘടനയിൽ ‘മെയിൽ ഷോവനിസ്റ്റ് പിഗ്സ്’: തുറന്നടിച്ച് എന്‍.എസ്. മാധവന്‍

കോട്ടയം ∙ താരസംഘടനയായ അമ്മയ്‌ക്കെതിരെ തുറന്നടിച്ച് എഴുത്തുകാരൻ എന്‍.എസ്. മാധവന്‍. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി തീരുമാനമെടുത്തതിനെ എന്‍.എസ്. മാധവന്‍ ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചു. 

‘ഏറ്റവും വൃത്തികെട്ട 'മീടൂ' സംഭവം ഉണ്ടായതു ഹോളിവുഡില്‍ അല്ല കേരളത്തിലാണ്. ഒരു ഗ്യാങിനു പണം കൊടുത്തു നടിയെ ബലാത്സംഗം ചെയ്യിച്ചു. കേസ് നടക്കുകയാണ്. എന്നാല്‍ താരസംഘടനയായ അമ്മയിലെ ‘മെയിൽ ഷോവനിസ്റ്റ് പിഗ്സ്’ കുറ്റാരോപിതനെ പിന്തുണച്ച് മീ ടൂ, മീ ടൂ എന്ന് ആര്‍ക്കുകയാണ്.'' മാധവന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ സഹായത്തോടെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റിനോടും മുകേഷിനോടും അമ്മയുമായി ബന്ധം അവസാനിപ്പിക്കാന്‍ സിപിഎം നിര്‍ദേശിക്കണമെന്നും മാധവന്‍ ആവശ്യപ്പെട്ടു.

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിക്കെതിരേ വനിതാ സിനിമാ കൂട്ടായ്മയായ ഡബ്ല്യുസിസി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് അവരുടെ നിലപാടുകളെ തുണച്ച് എന്‍.എസ്. മാധവന്റെ പ്രതികരണം.