30 കോടി തട്ടി മുങ്ങിയതു ഗുജറാത്തിലെ ജൈന ആശ്രമത്തിലേക്ക്: ട്രേഡ് ലിങ്ക് ഡയറക്ടർ പിടിയിൽ

ട്രേഡ് ലിങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി മനോജ്.

തൃശൂർ ∙ 30 കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിൽ. പൂങ്കുന്നം കുറുവത്തു മനോജ് എന്ന സെൻസായ് മനോജിനെ (54) ആണ് ക്രൈംബ്രാഞ്ച് എസ്ഐ എം.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം പിട‍‍ികൂടിയത്.

ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനിസ് എന്ന പേരിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ചിട്ടിക്കമ്പനി ശാഖകൾ തുറന്ന ശേഷം ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപങ്ങൾ സ്വീകരിച്ചു മുങ്ങിയെന്നാണ് കേസ്. 30 കോടി രൂപയോളം തട്ടിയെടുത്തു മുങ്ങിയ പ്രതി അഹമ്മദാബാദിലെ ജൈന ആശ്രമത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പിടിയിലായത്. 

ട്രേഡ് ലിങ്ക് കുറ‍ീസ് ആൻഡ് ലോൺസ് പ്രൈവറ്റ് ലിമിറ്റഡ്, ട്രേഡ് ലിങ്ക് ചിറ്റ്സ് ആൻഡ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, ടിഎൽസി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിൽ മൂന്നു പേർ ചേർന്നു നടത്തിയ കുറിക്കമ്പനിയാണ് 2016 ജൂലൈയിൽ നിക്ഷേപകരെ വഞ്ചിച്ചു പൂട്ടിയത്.

മനോജിനൊപ്പം ഇരിങ്ങാലക്കുട കാട്ടൂർ തേർമഠം തോമസ് (52), തൃപ്രയാർ നാട്ടിക മുല്ലയിൽ സജീവൻ (50) എന്നിവരായിരുന്നു ഡയറക്ടർമാർ. സജീവനെയും തോമസിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കൂടിയ പലിശയ്ക്കു പണം നിക്ഷേപമായി സ്വീകരിച്ച ശേഷം നിയമാനുസൃതമല്ലാതെ വിവിധ പേരുകളിൽ ചിട്ടി നടത്തിയും ഇവർ 30 കോടിയോളം സ്വരുക്കൂട്ടി. കാലാവധി പൂർത്തിയായപ്പോൾ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പാർട്ണർമാർ മുങ്ങുകയാണു ചെയ്തത്.

കുറി നറുക്കു കിട്ടിയവർക്കു പണം കൊടുത്തതുമില്ല. മൊബൈൽ ഫോണും ബന്ധങ്ങളും ഉപേക്ഷിച്ചു മുങ്ങിയ മനോജിനെ പിടിക്കാൻ പൊലീസ് പലവഴി നോക്കിയെങ്കിലും നടന്നില്ലെന്നു റൂറൽ പൊലീസ് മേധാവി എം.കെ. പുഷ്കരൻ, ക്രൈം ബ്രാഞ്ച് മേധാവി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി, ഡിസിആർബി ഡിവൈഎസ്പി പി. പ്രദീപ് കുമാർ എന്നിവർ പറയുന്നു. രാജസ്ഥാൻ, മുംബൈ, പുണെ, ബറോഡ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഒളിവാസം. 

‌മനോജ് കരാട്ടേ അധ്യാപകൻ കൂടിയായതിനാൽ സെൻസായ് മനോജ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഉത്തരേന്ത്യയിലെ കരാട്ടേ പഠന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷിച്ചു. എന്നാൽ, അഹമ്മദാബാദിലെ ജൈന ആശ്രമത്തിൽ ഇയാൾ ഇടയ്ക്കിടെ എത്തുന്നുണ്ട് എന്ന വിവരമാണ് വഴിത്തിരിവായത്. ആശ്രമത്തിലെ ഒരു സന്യാസി ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞു. തൃശൂരിൽ നിന്നു ക്രൈം ബ്രാഞ്ച് സംഘം ദീർഘനാൾ നീണ്ട തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ 2000 പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. 141 കേസുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.