ഇരിട്ടിയിൽ വൻ തീപിടിത്തം: പവർ ടൂൾസ് സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം കത്തിനശിച്ചു

പവർ ടൂൾസ് സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം കത്തിനശിച്ചപ്പോൾ.

ഇരിട്ടി ∙ കെട്ടിട നിർമാണക്കാർക്കും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും ആവശ്യമായ യന്ത്രസാമഗ്രികളും പവർ ടൂൾസും വിൽപന നടത്തുന്ന സ്ഥാപനം കത്തിനശിച്ചു. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഇരിട്ടി പഴയപാലം ജുമാ മസ്ജിദിനു മുൻവശത്ത് മാഞ്ഞു കോപ്ലക്സിൽ പ്രവർത്തിക്കുന്ന ഐഡിയൽ ഇലക്ട്രോ ക്രാഫ്റ്റ് എന്ന സ്ഥാപനമാണ് ഇന്നു പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചത്. ഇരിട്ടിക്കടുത്ത് പടിയൂർ പുലിക്കാട് സ്വദേശി സിനോജ് അഗസ്റ്റിന്റേതാണു സ്ഥാപനം.

ഇരിട്ടിയിൽ നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന ഇരിട്ടി പൊലീസാണു പുലർച്ചെ കടയിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്. ഉടൻ ഇരിട്ടി ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി അഗ്നിശമന സേന സ്റ്റേഷൻ മാസ്റ്റർ ജോൺസൺ പീറ്ററിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘമാണു തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

ലക്ഷങ്ങൾ വിലവരുന്ന മോട്ടോർ ഉൾപ്പെടെ കടയിലും ഗോഡൗണിലും ഉണ്ടായിരുന്ന മുഴുവൻ പവർ ടൂൾസുകളും പൂർണമായി കത്തി നശിച്ചു. 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മഴയായതിനാലും ഉചിത സമയത്ത് പൊലീസും ഫയർഫോഴ്സും ഉണർന്നു പ്രവർത്തിച്ചതിനാലുമാണ് വൻ ദുരന്തം ഒഴിവായത്.