ശനിയുടെ ഉപഗ്രഹ വിള്ളലുകളിൽ ജീവന്റെ ‘തുടിപ്പ്’: ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

കാസിനി പേടകം ശനി പര്യവേക്ഷണത്തിൽ (ചിത്രം: നാസ)

വാഷിങ്ടൻ ∙ ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ഗവേഷകരുടെ മുന്നിലേക്കെത്തിയത് ജീവന്റെ തെളിവുകൾ. എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താനാവശ്യമായ ഘടകങ്ങൾ അവിടെയുണ്ടെന്നു വ്യക്തമായത്. ഭൂമിയിലേതിനു സമാനമായി ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഘടകങ്ങളും എൻസൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകൾ നാസയുടെ പേടകം ‘കാസിനി’യാണു ലോകത്തിനു മുന്നിലെത്തിച്ചത്. 

മഞ്ഞുപാളികൾ നിറഞ്ഞതാണ് എൻസൈലദുസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവും നേരത്തേ ലഭിച്ചിരുന്നു. സമുദ്രത്തിന്നടിയിൽ നിന്നു രാസപ്രക്രിയകളിലൂടെ വൻതോതിൽ വാതകങ്ങൾ പുറന്തള്ളപ്പെടുന്നുമുണ്ട്. മീഥെയ്ൻ, ഹൈഡ്രജൻ തുടങ്ങിയവയാണ് ഇത്തരത്തിൽ പുറത്തുവ‌രുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളിൽ നിന്നാണ് ‘കാസിനി’ സാംപിളുകള്‍ ശേഖരിച്ചത്. 

കാസിനി പേടകം പര്യവേക്ഷണത്തിനിടെ. ചിത്രം: നാസ

ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പല തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെയും കാസിനി കടന്നു പോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തു. മാസങ്ങളോളം ശേഖരിച്ച ഡേറ്റയാണ് ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവർത്തനം നിലയ്ക്കുന്നതിനു തൊട്ടുമുൻപായി കാസിനി ഭൂമിയിലേക്ക് അയച്ചത്. 1997ൽ അയച്ച പേടകം 2017ലാണു പ്രവർത്തനം അവസാനിപ്പിച്ചത്.

ഡേറ്റ പഠന വിധേയമാക്കിയ രാജ്യാന്തര വിദഗ്ധ സംഘം എൻസൈലദുസിന്റെ ‘ഹൃദയഭാഗത്തു’ തന്നെ കാർബൺ സമ്പുഷ്ടമായ വസ്തുക്കൾ ഉൽപാദിപ്പിക്കപ്പെടുന്നെന്നു കണ്ടെത്തുകയായിരുന്നു. ‘ഞെട്ടിത്തരിച്ചു പോയ കണ്ടെത്തൽ’ എന്നാണ് ഗവേഷകർ ഇതിനെ വിശേഷിപ്പിച്ചത്. ജീവൻ നിലനിർത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.ഫ്രാങ്ക് പോസ്റ്റ്ബെർഗ് പറഞ്ഞു. 

ഇത്തരം രാസപ്രക്രിയ എൻസൈലദുസിൽ നടക്കുന്നുണ്ടെന്ന് ഇതാദ്യമായാണു വ്യക്തമാകുന്നത്. ഭൂമി കൂടാതെ ഇത്തരത്തിൽ ജീവൻ നിലനിർത്താനാവശ്യമായ എല്ലാ തെളിവുകളും ചേർന്ന ഒരൊറ്റ ഗ്രഹം നിലവിൽ എൻസൈലദുസ് മാത്രമാണെന്നും ഗവേഷകർ പറയുന്നു. ജീവന്റെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ചൊവ്വയില്‍ നിന്നു ലഭിച്ച തെളിവുകളേക്കാൾ ഏറെ വ്യക്തമാണു കാസിനി നൽകിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ‘നേച്ചർ’ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.