പിറന്ന നാടിനെയും മറക്കരുത്; കവിത ചൊല്ലി ഓർമിപ്പിച്ച് ഗവർണർ സദാശിവം

പത്തനംതിട്ടയിൽ നടന്ന ആന്റോ ആന്റണി എംപി എക്സലൻസ് അവാർഡ് സമർപ്പണ സമ്മേളനം ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട∙ ജീവിതത്തിൽ എത്ര ഉന്നത നിലയിൽ എത്തിയാലും വളർത്തിയ മാതാപിതാക്കളെയും പിറന്ന നാടിനെയും മറക്കരുതെന്നു ഗവർണർ പി.സദാശിവം. അത് ഏറ്റവും മനോഹരമായി പത്തനംതിട്ട ജില്ലക്കാരൻ കൂടിയായ കവി കടമ്മനിട്ട രാമകൃഷ്ണൻ ‘നിങ്ങളോർക്കുകൾ നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന വരികളിലൂടെ നമ്മെ ഓർമപ്പെടുത്തുന്നുവെന്നും ഗവർണർ പറഞ്ഞു. 

സർവ നേട്ടങ്ങളുടെയും ഓഹരി സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ്. നമ്മുടെ വളർച്ചയിൽ സഹായം ചെയ്ത സാഹചര്യങ്ങളെ പിന്നിൽ ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ തിളങ്ങുന്ന ജില്ലക്കാരായ പ്രമുഖരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിക്കുന്നതിന് പത്തനംതിട്ട എംപി ആന്റോ ആന്റണി ഏർപ്പെടുത്തിയ എക്സ്‌ലൻസ് അവാർഡ് വിതരണം ചെയ്യുകയായിരുന്നു ഗവർണർ.