രാജസ്ഥാനിൽ സ്ഥലംമാറ്റത്തെ ചൊല്ലി തർക്കം; ബിജെപി മന്ത്രി മറ്റൊരു മന്ത്രിയെ തല്ലി

ബൻസിധർ ഖണ്ഡേല

ന്യൂഡൽഹി∙ രാജസ്ഥാനിൽ ബിജെപി മന്ത്രിമാർ തമ്മിൽ തല്ല്. വസുന്ധര രാ‍ജെ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് തർക്കം ‘തല്ലി’ തീർത്തത്. രാജസ്ഥാനിലെ ആരോഗ്യമന്ത്രി ബൻസിധർ ഖണ്ഡേലയാണ് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയെ തല്ലിയത്. അധ്യാപകരുടെ സ്ഥലംമാറ്റത്തെ ചൊല്ലിയുണ്ടായ തർക്കമാണു കാരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

വെള്ളിയാഴ്ച തന്റെ മണ്ഡലത്തിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തെ കുറിച്ചു വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യാനാണ് ആരോഗ്യമന്ത്രി ഖണ്ഡേല അദ്ദേഹത്തിന്റെ വീട്ടിൽ പോയത്. എന്നാൽ ആരോഗ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാതിരുന്ന വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവനാനിയെ ഖണ്ഡേല തല്ലുകയായിരുന്നു. സംഭവം പുറത്തായതിനെ തുടർന്നു രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി നേതാവ് അവിനാഷ് റായ് ഇരുവരോടും വിശദീകരണം തേടി. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

ഇപ്പോൾ ബിജെപിയുടെ യഥാർഥ മുഖം വെളിച്ചത്തായതായി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിൽ തല്ലു കേസ് ബിജെപിക്കു തലവേദനയായിരിക്കുകയാണ്.